ന്യൂഡൽഹി: സർക്കാരിനെ അനിശ്‌ചിതത്വത്തിലാക്കി സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള കലാപം ഒരുവശത്ത് പുരോഗമിക്കവെ അശോക് ഗെലോട്ടിനെ പിന്തുണയ്‌ക്കുന്ന ഔദ്യോഗിക പക്ഷത്തെ 88 എം.എൽ.എമാർക്ക് ജയ്‌പൂരിലെ നക്ഷത്ര ഹോട്ടലിൽ സുഖവാസം. യോഗ ചെയ്‌തും സിനിമ കണ്ടും പാചക പരീക്ഷണങ്ങൾ നടത്തിയുമാണ് അവർ ഹോട്ടൽവാസം ആഘോഷിക്കുന്നത്. കൊവിഡ് സുരക്ഷാ മാർഗനിർദ്ദേശം ലംഘിച്ച് ഇത്രയും പേർ ഒന്നിച്ചു കഴിയുന്നത് നിയമവിരുദ്ധമാണെന്ന് ബി.ജെ.പി ആരോപിച്ചു.
ജയ്‌പൂരിലെ പ്രശസ്‌തമായ നക്ഷത്ര ഹോട്ടലിന്റെ നീന്തൽക്കുളത്തിന് സമീപമുള്ള പുൽത്തകിടിയിൽ എം.എൽ.എമാർ യോഗ അടക്കമുള്ള വ്യായാമ മുറകൾ പരിശീലിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. മാസ്‌ക് ധരിക്കാതെ അടുത്തടുത്തിരുന്നാണ് പരിശീലനം. ഹോട്ടലിലെ ചീഫ് ഷെഫിന്റെ കീഴിൽ പിസ, പാസ്‌ത, ബട്ടർ പനീർ എന്നിവയുണ്ടാക്കാൻ പഠിക്കുന്നതിന്റെ ഫോട്ടോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. പാചകക്കാരുടെ തൊപ്പി വച്ചാണ് കൂടി നിൽക്കുന്നതെങ്കിലും എം.എൽ.എമാർ ആരും മാസ്‌ക് ധരിച്ചിട്ടില്ല. വെള്ളിയാഴ്‌ച വൈകിട്ട് എം.എൽ.എമാർക്കായി പഴയ ഹിന്ദി ചിത്രം മുഗൾ ഇ അസമിന്റെ പ്രത്യേക പ്രദർശനവുമുണ്ടായിരുന്നു. ഇന്ന് ഹൈക്കോടതി സച്ചിന്റെയും കൂട്ടരുടെയും ഹർജി വീണ്ടും പരിഗണിക്കുന്നതിനാൽ ഹോട്ടൽ സുഖവാസം എത്ര ദിവസം തുടരുമെന്ന് ഉടനറിയാം.