bank
ബാങ്ക് കി​ട്ടാക്കടം

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് 1,47,350 കോടി രൂപയുടെ കുടിശിക വരുത്തിയ മെഹുൽ ചോക്‌സി, വിജയ് മല്ല്യ എന്നിവരടക്കം 2,426 പ്രമുഖരുടെ വിവരങ്ങൾ അഖിലേന്ത്യാ ബാങ്ക് എംപ്ളോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) പുറത്തുവിട്ടു.

ഈ കുടിശിക തിരിച്ചു പിടിച്ച് മൂലധന സഹായം നൽകുന്നതിന് പകരം സ്വകാര്യവത്‌ക്കരണ നടപടികൾ ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിക്കുള്ള പരിഹാരമല്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.

പൊതുമേഖലാ ബാങ്കുകളിലെ കുടിശികക്കാരുടെ മാത്രം കണക്കാണിത്. സെൻട്രൽ റെപോസിറ്ററി ഒഫ് ഇൻഫർമേഷൻ ഓൺ ലാർജ് ക്രെഡിറ്റ്സ് കഴിഞ്ഞ സെപ്തംബറിൽ തയ്യാറാക്കിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് വിവരങ്ങൾ.

മെഹുൽ ചോക്‌സിയുടെ ഗീതാഞ്ജലി ജെംസ് പഞ്ചാബ് നാഷണൽ ബാങ്കിന് 4644 കോടി രൂപ നൽകാനുണ്ട്.

500 കോടി രൂപയ്‌ക്കു മുകളിൽ കുടിശിക വരുത്തിയ 33 അക്കൗണ്ടുകൾ വഴി ലഭിക്കാനുള്ളത് 32,737 കോടി രൂപയാണ്.

വമ്പൻ കുടി​ശി​കക്കാർ

ഗീതാഞ്ജലി ജെംസ് 4,644കോടി

എ.ബി.ജി ഷിപ്പ്‌യാർഡ് 1,875 കോടി

റെയ് അഗ്രോ 2,423 കോടി

റുചി സോയ ഇൻഡസ്‌ട്രീസ് 1,618 കോടി

ഗില്ലി ഇന്ത്യ 1,447 കോടി

ജതിൻ മെഹ്‌തയുടെ വിൻസം ഡയമണ്ട് ജ്വല്ലറി 2,918കോടി

കുഡോസ് കെമി 1,810കോടി

നക്ഷത്ര ബ്രാൻഡ്‌സ് 1109 കോടി

കിംഗ്‌ഫിഷർ എയർലൈൻസ് 586 കോടി

ഏറ്റവുംകൂടുതൽ വായ്‌പ കുടിശികയുള്ളത് എസ്.ബി.ഐയ്‌ക്കാണ് (685 അക്കൗണ്ടുകൾ വഴി 43,887കോടി). 325 അക്കൗണ്ടുകളിൽ നിന്നുള്ള 22370 കോടി കുടിശികയുമായി പഞ്ചാബ് നാഷണൽ ബാങ്കാണ് രണ്ടാം സ്ഥാനത്ത്.

ഈ കുടികക്കാരെല്ലാം പ്രമുഖ കമ്പനികളാണ്. ഇപ്പോഴും പ്രവർത്തിക്കുന്നുമുണ്ട്. ഇവരുടെ നഷ്ടം പൊതുമേഖല സഹിക്കേണ്ട കാര്യമില്ല. കിട്ടാക്കടം വീണ്ടെടുക്കാൻ ക്രിമിനൽ നടപടികൾ ആരംഭിക്കണം. പ്രത്യേക ഓർഡി​നൻസി​റക്കണം.

സി.എച്ച്. വെങ്കിടാചലം

ജനറൽ സെക്രട്ടറി, എ.ഐ.ബി.ഇ.എ