covid

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് തീവ്രമാകുമ്പോഴും ദേശീയതലസ്ഥാനമായ ഡൽഹിയിൽ പുതിയ രോഗികളെക്കാൾ കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ആശ്വാസമാകുന്നു. ജൂലായ് അവസാനത്തോടെ 5.5 ലക്ഷം കൊവിഡ് കേസുകളുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടിടത്താണ് ഈ നേട്ടം.

ദിവസം നാലായിരത്തോളം പുതിയ രോഗികളുണ്ടായ ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലായിൽ സ്ഥിതി മെച്ചപ്പെട്ടു. ആകെ രോഗമുക്തർ ഒരു ലക്ഷം കടന്നു.

ജൂലായ് 9ന് 2187 പുതിയ രോഗികളുണ്ടായപ്പോൾ 4027 പേർ രോഗമുക്തരായി. ഇന്നലെ 1475 പുതിയ രോഗികളുണ്ടായപ്പോൾ 1973 പേർ രോഗമുക്തി നേടി.

രോഗമുക്തി നിരക്ക് 83.3 ശതമാനം. ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.

ജൂലായ് 11ന് 19,895 ആക്ടീവ് കേസുകളാമണുണ്ടായതെങ്കിൽ നിലവിലിത് 16,711 ആയി കുറഞ്ഞു.

പ്രതിദിന രോഗികളുടെ എണ്ണം 1500 ആയി താഴ്ന്നു. മരണം 50ൽ താഴെയായി.

 ഡൽഹിയിൽ ആകെ 1.21 ലക്ഷം രോഗികൾ.

 മരണം 3500 കടന്നു.

 നേട്ടമായത്

 പരിശോധന കൂട്ടിയതും കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം വർദ്ധിപ്പിച്ചതും

ശക്തമായ നിരീക്ഷണം നടത്തിയതും

 പ്രതിദിനം 20,000ത്തിലേറെ പരിശോധനകൾ.

 പത്തുലക്ഷം പേരിൽ 42,041 പേരെ ഡൽഹിയിൽ പരിശോധിക്കുന്നു.

 രോഗബാധിതരിൽ പകുതിയിലേറെയും ഹോം ഐസൊലേഷനിൽ

 നിലവിൽ നാനൂറിലേറെ കണ്ടെയ്ൻമെന്റ് സോണുകൾ

 കേന്ദ്രസ‌ർക്കാരുമായും വിവിധ എൻ.ജി.ഒകളുമായും ചേർന്ന് കൂട്ടായി നടത്തിയ ശ്രമങ്ങളാണ് സ്ഥിതി മെച്ചപ്പെടാൻ സഹായിച്ചത്.

- കേജ്‌രിവാൾ

 ആന്റിജൻ ടെസ്റ്റിൽ ആക്ഷേപം

ഡൽഹിയിൽ പരിശോധന കൂടുന്നുണ്ടെങ്കിലും റാപ്പിഡ് ആന്റിജൻ ടെസ്റ്റാണ് കൂടുതൽ നടത്തുന്നത്. കൃത്യത കൂടിയ ആർ.ടി. പി.സി.ആർ ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്നത് തെറ്റായ രീതിയാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഡൽഹിയിൽ കണ്ടെയൻമെന്റ് സോണുകളിൽ ജൂൺ പകുതിയോടെയാണ് ആന്റിജൻ ടെസ്റ്റ് തുടങ്ങിയത്. വേഗത്തിൽ ഫലമറിയാം എന്നതാണ് നേട്ടം.

ഡൽഹിയിലെ 25 ശതമാനം കൊവിഡ് കേസുകളും കണ്ടെയൻമെന്റ് സോണിന് പുറത്താണെന്നും റിപ്പോർട്ടുണ്ട്. ഉറവിടമറിയാത്ത കേസുകളാണ് ഇവിടെ കൂടുതൽ.