ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനുള്ള ശിലാസ്ഥാപന കർമ്മം അടുത്ത മാസം ആദ്യവാരം നടത്താൻ ഇന്നലെ ചേർന്ന രാംജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്‌റ്റ് യോഗം തീരുമാനിച്ചു. ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗകര്യമനുസരിച്ച് ആഗസ്‌റ്റ് 3 അല്ലെങ്കിൽ 5 തിയതികളാണ് പരിഗണിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് തിയതി നിശ്‌ചയിക്കുമെന്നും ട്രസ്റ്റ് വക്താവ് മഹന്ത് കമൽ നയൻ ദാസ് അറിയിച്ചു. ശിലാസ്ഥാപനത്തിന് മുന്നോടിയായി ക്ഷേത്രഭൂമിയിലെ മണ്ണിന്റെ ഘടന പരിശോധിക്കാൻ ആരംഭിച്ചു. ക്ഷേത്ര നിർമ്മാണത്തിനുള്ള പണം സ്വരൂപിക്കാനായി രാജ്യത്തെ 10 കോടി കുടുംബങ്ങളെ സമീപിക്കാൻ ട്രസ്‌റ്റ് യോഗം തീരുമാനിച്ചു.