sachin-pilot-

ന്യൂഡൽഹി: രാജസ്ഥാനിൽ രാഷ്‌ട്രീയ നാടകങ്ങളും അനിശ്‌ചിതത്വവും തുടരവെ സ്‌പീക്കറുടെ അയോഗ്യതാ നോട്ടീസിനെതിരെ സച്ചിൻ പൈലറ്റ് ഉൾപ്പെടെ 19 എം.എൽ.എമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വാദം പുനഃരാരംഭിക്കും. അതിനിടെ 102 എം.എൽ.എമാരുടെ പിന്തുണ അവകാശപ്പെടുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ട് ഈയാഴ്‌ച നിയമസഭ വിളിച്ച് വിശ്വാസവോട്ട് തേടിയേക്കും. വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.

നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാത്തതും നേതൃത്വത്തിനെ വിമർശിച്ചതും അയോഗ്യത കല്പിക്കാനുള്ള കാരണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിനും കൂട്ടരും ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുന്നതിനാൽ അയോഗ്യതാ നടപടികൾ നാളെ വരെ കോടതി മരവിപ്പിച്ചിട്ടുണ്ട്.

സച്ചിൻ പക്ഷത്തിന് അയോഗ്യത കൽപ്പിച്ചാലും ഇല്ലെങ്കിലും സർക്കാരിന് ഭീഷണിയില്ലെന്ന ഉറപ്പിൽ ഗവർണർ കൽരാജ് മിശ്രയ്‌ക്ക് 102 എം.എൽ.എമാരുടെ പട്ടിക കൈമാറിയ അശോക് ഗെലോട്ട് ഈ ആഴ്‌ച സഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിലാണ്. സച്ചിൻ പക്ഷത്തെ ഏതാനും എം.എൽ.എമാർ തിരിച്ചു വരുമെന്നും ഔദ്യോഗിക പക്ഷം പ്രതീക്ഷിക്കുന്നു. സർക്കാർ ആത്മവിശ്വാസത്തിലാണെന്ന് രാജസ്ഥാന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെ പറഞ്ഞു.

 ഫോൺ ചോർത്തൽ: കേന്ദ്രം വിശദീകരണം തേടി

സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ഇടപെട്ടെന്ന് തെളിയിക്കാൻ കോൺഗ്രസ് പുറത്തുവിട്ട ശബ്‌ദരേഖയെ പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി. ജനപ്രതിനിധികളുടെ ഫോൺ അനധികൃതമായി ചോർത്തിയെന്ന് ആരോപണത്തിലാണിത്.

ശബ്‌ദരേഖ അടിസ്ഥാനമാക്കി കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്തിനും ബി.ജെ.പി നേതാക്കൾക്കുമെതിരെ കേസെടുത്തതും ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലിന് കാരണമായി. ബി.ജെ.പി നേതാവും വ്യവസായിയുമായ സഞ്ജയ് ജെയിൻ, നേതാക്കളായ ഭാരത് മിലാനി, അശോക് സിംഗ് എന്നിവരെ അറസ്‌‌റ്റു ചെയ്‌തിരുന്നു.

ഷെഖാവത്ത് രാജിവയ്‌ക്കണമെന്നും ശബ്‌ദരേഖയിലേത് തന്റെ ശബ്‌ദമല്ലെന്ന് തെളിയിക്കാൻ പരിശോധനയ്‌ക്ക് വിധേയനാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടൽ ശബ്‌ദരേഖയുടെ ആധികാരികത തെളിയിക്കുന്നതാണെന്നും കോൺഗ്രസ് അവകാശപ്പെട്ടു.