ന്യൂഡൽഹി:കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ഡൽഹി എയിംസ് എത്തിക്‌സ് കമ്മിറ്റി അനുമതി നൽകിയതിന് പിന്നാലെ വോളന്റിയർമാരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. മനുഷ്യരിൽ മൂന്ന് ഘട്ടങ്ങളിലായി മരുന്ന് പരീക്ഷിക്കാൻ ഐ.സി.എം.ആർ തിരഞ്ഞെടുത്ത രാജ്യത്തെ പന്ത്രണ്ട് ആശുപത്രികളിൽ ഒന്നാണ് എയിംസ്. 375പേരിലാണ് പരീക്ഷിക്കുന്നത്.
കൊവിഡ് ബാധയില്ലാത്ത തികഞ്ഞ ആരോഗ്യമുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്.
ആരോഗ്യമുള്ള ആർക്കും അപേക്ഷിക്കാം. Ctaiims.covid19@gmail.com എന്ന ഇ മെയിലിൽ സന്ദേശം അയയ്‌ക്കുകയോ 7428847499 എന്ന നമ്പറിലേക്ക് മെസേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യാവുന്നതാണ്.
18നും 55നും ഇടയിൽ പ്രായമുള്ളവരിലാണ് പരീക്ഷണം. ഐ.സി.എം.ആറും ഭാരത് ബയോടെക് ഇന്റർനാഷണലും സംയുക്തമായി വികസിപ്പിച്ചതാണ് ഇന്ത്യയിലെ ആദ്യ കൊവിഡ് പ്രതിരോധ ഔഷധമായ കൊവാക്‌സിൻ.