ന്യൂഡൽഹി: നിക്കർ തയ്ച്ചതിന് ഇറക്കം കുറഞ്ഞെന്ന പരാതിയുമായി 46കാരൻ പൊലീസ് സ്റ്റേഷനിലെത്തി. മദ്ധ്യപ്രദേശിലെ സിദ്ധി ജില്ലക്കാരൻ കൃഷ്ണകുമാർ ഡബ്ബേയാണ് തയ്യൽക്കാരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹബീബ്‌ജംഗ് പൊലീസിനെ സമീപിച്ചത്.
നിക്കറിനായി രണ്ട് മീറ്റർ തുണി നൽകിയിരുന്നെന്നും എന്നാൽ തയ്ച്ചുകിട്ടിയപ്പോൾ നിക്കറിന് ഇറക്കം കുറവാണെന്നും കൃഷ്ണ പരാതിയിൽ പറയുന്നു. വീണ്ടും തയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും തയ്യൽക്കാരൻ വിസമ്മതിച്ചു. തയ്യൽക്കൂലിയായി 190 രൂപ വാങ്ങിയെന്നും നാട (ഇലാസ്റ്റിക്) ഇടാതെയാണ് നിക്കർ തന്നതെന്നും കൃഷ്ണ പരാതിയിൽ പറയുന്നു. നിക്കറിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ പൊലീസിൽ പറയാനും തയ്യൽകടക്കാരൻ പറഞ്ഞത്രേ.
9,000 രൂപ വരുമാനത്തിൽ സെക്യൂരിറ്റിയായി ജോലിചെയ്തിരുന്ന കൃഷ്ണയ്ക്ക് കഴിഞ്ഞ ഒക്ടോബറിൽ ജോലി നഷ്ടപ്പെട്ടു. ലോക്ക്ഡൗണായതിനാൽ പുതിയ ജോലി കിട്ടിയില്ല. സുഹൃത്തിൽ നിന്ന് 1000 രൂപ കടം വാങ്ങിയാണ് തയ്ക്കാനുള്ള തുണി പോലും സംഘടിപ്പിച്ചത്. ദിവസേനയുള്ള ചെലവുകൾ കണ്ടെത്താൻ താൻ കഷ്ടപ്പെടുകയാണെന്നും കടം വാങ്ങിയാണ് മുന്നോട്ടുപോകുന്നതെന്നും ഇയാൾ പറഞ്ഞു. പൊലീസ് ഇടപെട്ടതോടെ തയ്യൽകാശും തുണിക്കാശും തിരികെകൊടുക്കാമെന്ന് തയ്യൽകടക്കാരൻ സമ്മതിച്ചിട്ടുണ്ട്.