covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷം കടന്നു. മരണം 27,​000 പിന്നിട്ടു. മൂന്നുദിവസം കൊണ്ടാണ് പുതിയ ഒരു ലക്ഷം രോഗികളുണ്ടായത്. തുടർച്ചയായി നാലാംദിവസവും പ്രതിദിന രോഗികളുടെ എണ്ണം 30,​000 കടന്നു. 24 മണിക്കൂറിനിടെ 38,​902 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 543 പേർ കൂടി മരിച്ചു. രോഗമുക്തരുടെ എണ്ണം 6,77,422 ആയി ഉയർന്നു.

ജൂലായ് 12 മുതൽ 18 വരെ രാജ്യത്ത് ആകെയുണ്ടായ 2.27 ലക്ഷം പുതിയ രോഗികളിൽ 1.40 ലക്ഷവും കേരളമുൾപ്പെടെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലുമായാണ്. മഹാരാഷ്ട്രയിൽ മാത്രം അരലക്ഷത്തിലേറെ പുതിയ രോഗികൾ ഉണ്ടായി. തമിഴ്‌നാട്ടിൽ 31,​488, കർണാടകയിൽ 23,​436 എന്നിങ്ങനെ പുതിയ രോഗികളുണ്ടായി.

♦ രാജ്യത്തെ കൊവിഡ് മരണനിരക്ക് കൊവിഡ് രൂക്ഷമായ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് മികച്ച നിലയിലാണെന്നും നിലവിലിത് 2.49 ശതമാനമായി കുറഞ്ഞുവെന്നും ആരോഗ്യമന്ത്രാലയം. കേരളമുൾപ്പെടെ 29 സംസ്ഥാന,കേന്ദ്രഭരണ പ്രദേശങ്ങളിൽ ദേശീയ ശരാശരിയെക്കാൾ മരണനിരക്ക് കുറവാണ്. കേരളത്തിൽ മരണനിരക്ക് 0.34 ഉം മണിപ്പുർ, നാഗാലാൻഡ്, സിക്കിം, മിസോറാം, ആൻഡമാൻ എന്നിവിടങ്ങളിൽ പൂജ്യവുമാണ്. 14 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിൽ ഒരു ശതമാനത്തിൽ താഴെയാണ് മരണനിരക്ക്.

♦ ഡൽഹിയിൽ 1211 പുതിയ രോഗികളും 31 മരണവും.
♦ തമിഴ്‌നാട്ടിൽ ആകെ കേസുകൾ 1.70 ലക്ഷം കടന്നു. സ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസാമിയുമായി ഫോണിൽ സംസാരിച്ചു.

♦ യു.പിയിൽ 2250 പുതിയ രോഗികൾ
♦ പഞ്ചാബിൽ രണ്ടു കോൺഗ്രസ് എം.എൽ.എമാർക്ക് കൊവിഡ്
♦ കേന്ദ്ര ആരോഗ്യവകുപ്പ് ജോ.സെക്രട്ടറി ലവ് അഗ‌ർവാളിന്റെ നേതൃത്വത്തിൽ മൂന്നംഗ വിദഗ്ധ സംഘം ബീഹാറിൽ