ന്യൂഡൽഹി: അതിശക്തമായ മഴയിൽ ഡൽഹിയിൽ രണ്ട് മരണവും കനത്ത നാശവും റിപ്പോർട്ട് ചെയ്തു. മിന്റോ പാലത്തിന് സമീപം ഒരാളുടെ മൃതദേഹം വെള്ളത്തിൽ കണ്ടെത്തി. മറ്റൊരാൾ വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. ഞായറാഴ്ച രാവിലെ മുതൽ പെയ്ത മഴയിൽ നിരവധി റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മിന്റോറോഡിൽ അടക്കം പലയിടങ്ങളിലും ഗതാഗതം പൂർണമായി തടസപ്പെട്ടു.
കുത്തൊഴുക്കിൽ ഐ.ടി.ഒ.മേഖലയിലെ അണ്ണാനഗർ ചേരിയിലെ വീട് ഒലിച്ചുപോയി. വീടിനുള്ളിൽ ആളില്ലാത്തത് വലിയ ദുരന്തമൊഴിവാക്കി. ഒഴുക്കുചാൽ നിറഞ്ഞൊഴുകിയപ്പോൾ നിർമാണത്തിലിരുന്ന വീടിന്റെ അടിത്തറ തകർന്ന് വീട് പൂർണമായും ഒലിച്ചുപോകുകയായിരുന്നു. വീട് ഒഴുകിപ്പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
കടുത്ത ചൂടിലൂടെ കടന്ന് പോകുന്ന ഡൽഹിയിൽ സീസണിലെ ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളിലായി ലഭിച്ചത്. ജൂലായ് 21 വരെ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡൽഹിയോട് ചേർന്നു കിടക്കുന്ന ഫരീദാബാദ്, മീററ്റ്, ഗുരുഗ്രാം,നോയിഡ, ഹിസർ എന്നീ പ്രദേശങ്ങളിലും ശക്തമായ മഴ ലഭിക്കും.