chaker

ന്യൂഡൽഹി: കൊവിഡ് രോഗികളും അവരുമായി ഇടപഴകുന്നവരും ഉപയോഗിക്കുന്ന എൻ 95 പോലുള്ള മാസ്‌കുകൾ അണുവിമുക്തമാക്കി പുനരുപയോഗിക്കുന്നതിനായി ഉപകരണം കണ്ടെത്തി ഡൽഹി ഐ.ഐ.ടിയിലെ സംരംഭകർ. 'ചകർ ഡികോവ്' എന്ന് പേരിട്ട ഉപകരണം മന്ത്രി അശ്വിനികുമാർ ഔദ്യോഗികമായി പുറത്തിറക്കി.

മാസ്‌കുകൾ 90 മിനിട്ട് കൊണ്ട് അണുവിമുക്തമാക്കാൻ ഉപകരണത്തിനാകും. ഓസോൺ രശ്മികൾ ഉപയോഗിച്ചാണ് പ്രവർത്തനം. ചതുരാകൃതിയിലുള്ള പെട്ടിയുടെ രൂപത്തിലാണ് ഇവ നിർമിച്ചിരിക്കുന്നത്. ഇതിനുള്ളിൽ ഓസോൺ വാതകം നിറക്കും. മാസ്‌കിലെ സൂക്ഷ്‌മ സുഷിരങ്ങളിലൂടെ കടന്ന് വൈറസ് ഉൾപ്പടെയുള്ളവയെ ഓസോൺ നശിപ്പിക്കും.

ഓസോൺ ശക്തമായൊരു ഓക്‌സിഡൈസിംഗ് ഏജന്റാണ്. ഇത് വൈറസിനെ പോലെ സൂക്ഷ്മാണുക്കളുടെ ആർ.എൻ.എയെ തകർക്കാൻ പ്രാപ്തമാണ്. യന്ത്രം ഉപയോഗിക്കുന്നവരുടെ സുരക്ഷക്കായി ബയോ സേഫ്റ്റി ഡോറും കാറ്റലിറ്റിക് റിഡക്ഷൻ സിസ്റ്റവും നൽകിയിട്ടുണ്ട്.