cafe

ന്യൂഡൽഹി: വിൽപ്പന കുറഞ്ഞതിനെത്തുടർന്ന് രാജ്യത്തെ പ്രമുഖ കോഫീ ഷോപ്പായ കഫെ കോഫീ ഡെയുടെ 280ലേറെ ഔട്ട്‌ലെറ്റുകൾ കൂടി പൂട്ടി. ഇതോടെ ഇവരുടെ 1,480 കടകൾക്കാണ് താഴ് വീണത്.

കോഫീ ഡെ ഗ്ലോബലിന്റെ സ്ഥാപനമായ കോഫീ ഡെ എന്റർപ്രൈസസ് ലിമിറ്റഡിന് കീഴിലുള്ള സ്ഥാപനങ്ങളാണ് സാമ്പത്തിക ഞെരുക്കം കാരണം അടച്ചിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ സ്ഥാപനത്തിലെ ശരാശരി പ്രതിദിന വില്പന 15,739ൽ നിന്ന് 15,445 ആയി കുറഞ്ഞിരുന്നു. പ്രവർത്തന ചെലവിലുണ്ടായ അന്തരംമൂലം ലാഭം വർദ്ധിപ്പിക്കുന്നതിനാണ് ഔട്ട്‌ലെറ്റുകൾ പൂട്ടിയതെന്ന് കമ്പനി പറയുന്നു.

പ്രൊമോട്ടറായിരുന്ന വി.ജി സിദ്ധാർത്ഥയുടെ മരണത്തെതുടർന്ന് കമ്പനിയുടെ ആസ്തികൾ വിറ്റ് കോഫീ ഡെ എന്റർപ്രൈസസ് കടം വീട്ടിവരികയാണ്. 13 വായ്പാദാതാക്കൾക്കായി 1,644 കോടി രൂപ ഇതിനകം തിരിച്ചുനൽകി. ബംഗളുരുവിൽ 90 ഏക്കറിലായി പരന്നു കിടക്കുന്ന ഗ്ലോബൽ വില്ലേജ് ടെക്പാർക്ക് കഴിഞ്ഞ സെപ്റ്റംബറിൽ ന്യൂയോർക്ക് ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി സംരംഭമായ ബ്ലാക്ക് സ്റ്റോണിന് 2,700 കോടി രൂപയ്ക്ക് കൈമാറിയിരുന്നു. ഐ.ടി. കമ്പനിയായ മൈൻഡ് ട്രീയിലെ കമ്പനിയുടെ ഓഹരികൾ എൽ.ആൻഡ് ടി.യ്ക്കും കൈമാറിയിരുന്നു.