vikas

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗുണ്ടാനേതാവ് വികാസ് ദുബെയുടെ ഏറ്റുമുട്ടൽ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെയും പൊലീസിനേയും രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. അറസ്റ്റും വിചാരണയുമാണ് നിയമ വ്യവസ്ഥവഴി നടക്കേണ്ടതെന്നും യു.പി സർക്കാരിനും ഇത് ബാധകമാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ താക്കീത് നൽകി. ദുബെ കൊല്ലപ്പെട്ട സംഭവം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം എന്ന ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. 65 കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിക്ക് എങ്ങനെയാണ് ഈ കേസുകളിലെല്ലാം ജാമ്യം കിട്ടിയതെന്നും സുപ്രീംകോടതി ചോദിച്ചു.


അന്വേഷണ സമിതി പുന:സംഘടിപ്പിക്കണം

റിട്ട. അലഹബാദ് ഹൈക്കോടതി ജഡ്ജി കേസ് അന്വേഷിക്കുമെന്നാണ് യു.പി സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ വിരമിച്ച സുപ്രീംകോടതി ജഡ്ജിയെയും വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയും കൂടി ഉൾപ്പെടുത്തി സമിതി പുന:സംഘടിപ്പിക്കാൻ കോടതി നിർദ്ദേശം നൽകി. അന്വേഷണ സമിതിയിലേക്ക് നിലവിലെ സാഹചര്യത്തിൽ സിറ്റിംഗ് ജഡ്ജിയെ നിയോഗിക്കാൻ സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു. ഇത് അംഗീകരിക്കുമെന്ന് യു.പി. സർക്കാർ അറിയിച്ചു. വിഷയത്തിൽ അന്വേഷണം നടത്താൻ നിയോഗിച്ച അന്വേഷണസമിതി കോടതി ഉത്തരവ് പ്രകാരം പുനഃസഘടിപ്പിച്ച് അതിന്റെ വിശദാംശങ്ങൾ നാളെ സമർപ്പിക്കണമെന്നും സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.