ന്യൂഡൽഹി: രാമക്ഷേത്രം നിർമ്മിച്ചാൽ കൊവിഡിനെ അകറ്റാനാകുമോ എന്ന എൻ.സി.പി നേതാവ് ശരത് പവാറിന്റെ പ്രസ്‌താവനയ്‌ക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പി നേതാക്കൾ. ആഗസ്‌റ്റ് അഞ്ചിന് അയോദ്ധ്യത്തിൽ നടക്കുന്ന ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നതിനെ പരാമർശിച്ചായിരുന്നു പവാറിന്റെ പ്രസ്‌താവന. രാമക്ഷേത്രം നിർമ്മിക്കാനല്ല, മഹാമാരി മൂലം തകർന്ന സമ്പദ്‌വ്യവസ്ഥയെ കരകയറ്റുന്നതിനാണ് കേന്ദ്രം ശ്രദ്ധിക്കേണ്ടതെന്നും പവാർ പറഞ്ഞിരുന്നു.
രാഹുൽ ഗാന്ധിയെ പോലും തിരുത്താൻ ശ്രമിച്ച് ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ മോദി സർക്കാരിനെ പിന്തുണച്ച പവാർ, രാമക്ഷേത്ര വിഷയത്തിൽ എതിർപ്രസ്‌താവനയുമായി വന്നത് ബി.ജെ.പിയെ അമ്പരിപ്പിച്ചിരുന്നു.
ഉമാഭാരതി(ബി.ജെ.പി നേതാവ്):
പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് ലക്ഷ്യമിട്ടതെങ്കിലും പവാറിന്റെ പ്രസ്‌താവന ശ്രീരാമനെതിരാണ്. പ്രധാനമന്ത്രി അയോദ്ധ്യയിൽ പോയാൽ എന്താണ് കുഴപ്പം. അദ്ദേഹം നാലു മണിക്കൂർ മാത്രം ഉറങ്ങുകയും 24 മണിക്കൂറും ജോലിയെടുക്കുകയും ചെയ്യുന്ന ആളാണ്. ക്ഷേത്ര ചടങ്ങിനായി രണ്ടുമണിക്കൂർ വിമാനത്തിൽ ചെലവിടുമായിരിക്കാം. അപ്പോഴും അദ്ദേഹം ഫയലുകൾ നോക്കും. ക്ഷേത്ര ദർശനം നടത്തി മടങ്ങും.
ഷഹ്‌നവാസ് ഹുസൈൻ(ബി.ജെ.പി വക്താവ്)
കേന്ദ്രസർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അതും രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെടുത്തേണ്ടതില്ല. രാമക്ഷേത്രം പെട്ടെന്ന് പൂർത്തിയാകാൻ രാജ്യം ആഗ്രഹിക്കുന്നുണ്ട്.
നെഹ്‌റുവിനെ മാതൃകയാക്കണമെന്ന് കോൺഗ്രസ്
സോമനാഥ് ക്ഷേത്രത്തിന്റെ ഭൂമിപൂജയ്‌ക്കുള്ള ക്ഷണം നിരസിച്ച മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ മാതൃകയാക്കി രാമക്ഷേത്ര നിർമ്മാണ ചടങ്ങിൽ നിന്ന് നരേന്ദ്രമോദി വിട്ടു നിൽക്കണമെന്ന് കോൺഗ്രസ് എം.പി ഹുസൈൻ ദൽവായി പറഞ്ഞു. മതേതര രാഷ്‌ട്രത്തലവനെന്ന നിലയിൽ ക്ഷേത്രഭൂമി പൂജാ ചടങ്ങിൽ പങ്കെടുക്കാനാകില്ലെന്നാണ് അന്ന് നെഹ്‌റു പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.