sachin

ന്യൂഡൽഹി: സച്ചിൻ പൈലറ്റ് കഴിവു കെട്ടവനാണെന്നറിഞ്ഞിട്ടും പി.സി.സി അദ്ധ്യക്ഷസ്ഥാനത്ത് തുടരാൻ അനുവദിച്ചതാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സച്ചിനെതിരെ പരസ്യവിമർശനം പാടില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശം നിലനിൽക്കെയാണ് ഗെലോട്ടിന്റെ ആക്രമണം.

അയാൾക്ക് ഒരു കഴിവുമില്ലെന്ന് എല്ലാവർക്കും അറിയാം. ഒരു കാര്യവും ചെയ്യില്ലെന്ന് ബോധ്യമായിട്ടും പാർട്ടി താത്‌പര്യം മാനിച്ച് പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന്മാറ്റാൻ ആരും ആവശ്യപ്പെട്ടില്ല. സച്ചിൻ ബി.ജെ.പിയുമായി ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചത് ദൗർഭാഗ്യകരമായിപ്പോയി. കണ്ടാൽ നിഷ്‌കളങ്കൻ. ഇംഗ്ളീഷിലും ഹിന്ദിയിലുമുള്ള പ്രാവിണ്യത്താൽ ദേശീയ മാദ്ധ്യമങ്ങളിൽ തിളങ്ങുന്നു. ഇയാൾ അതു ചെയ്യുമെന്ന് ആരും കരുതിയില്ല. എന്നാൽ ആറുമാസമായി ബി.ജെ.പിയുമായി ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നു. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. ഞാൻ സംസ്ഥാന മുഖ്യമന്ത്രിയാണ്. അല്ലാതെ ഇവിടെ പച്ചക്കറി കച്ചവടം നടത്തുകയല്ല-ഗെലോട്ട് പറഞ്ഞു.

ഹൈക്കോടതിയിൽ കേസിന് പോയ സച്ചിന്റെ അഭിഭാഷകരായ ഹരീഷ് സാൽവെയ്‌ക്കും മുകുൾ റോഹ്‌തഗിക്കും ഫീസിനത്തിൽ കൊടുക്കാനുള്ള ലക്ഷങ്ങൾ ആരാണ് നൽകുന്നതെന്നും ഗെലോട്ട് ചോദിച്ചു. സർക്കാരിനെ അട്ടിമറിച്ച് മൂന്നാം മുന്നണി രൂപീകരിക്കുകയായിരുന്നു ലക്ഷ്യം. ചെറുപ്പം മുതൽ എല്ലാം സൗകര്യങ്ങളും അനുഭവിച്ച ആളാണ് സച്ചിൻ. ഉപമുഖ്യമന്ത്രിയായിരുന്ന് സ്വന്തം സർക്കാരിനെ അട്ടിമറിക്കാനാണ് ശ്രമിച്ചത്. മദ്ധ്യപ്രദേശിലേതിന് സമാനമായ തന്ത്രങ്ങളാണ് ബി.ജെ.പി രാജസ്ഥാനിലും നടപ്പാക്കാൻ ശ്രമിച്ചതെന്നും ഗെലോട്ട് പറഞ്ഞു. സച്ചിൻപക്ഷത്തുള്ള ചില എം.എൽ.എമാർ മടങ്ങിവരാൻ തയ്യാറാണെന്നും ഗെലോട്ട് അറിയിച്ചു. അവർ തടവിലാണ്. മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങിയിട്ടുണ്ട്. തങ്ങളുടെ എം.എൽ.എമാർക്ക് നിയന്ത്രണങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സച്ചിൻ 35 കോടി വാഗ്‌ദാനം ചെയ്‌തെന്ന്

രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ സച്ചിൻ പൈലറ്റ് 35 കോടി രൂപ വാഗ്‌ദാനം ചെയ്‌തെന്ന് ഔദ്യോഗിക പക്ഷ എം.എൽ.എ ഗിരിരാജ് ആരോപിച്ചു. ആരോപണം തള്ളിയ സച്ചിൻ കേസു നൽകുമെന്നും പറഞ്ഞു. ആരോപണം ഞെട്ടിക്കുന്നതല്ലെങ്കിലും ദു:ഖിപ്പിച്ചെന്ന് സച്ചിൻ പറഞ്ഞു.