ro

ന്യൂഡൽഹി: കൊവിഡ് രോഗിയുടെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളന്മാർ മട്ടൻ കറിയും ചോറും ഉണ്ടാക്കി ശാപ്പാട് അടിച്ചു. അതിനുശേഷം വീട്ടിൽ നിന്നും അരലക്ഷം രൂപയും 50,000 രൂപയുടെ സ്വാർണാഭരണങ്ങളുമായി കടന്നു. ജാർഖണ്ഡിലെ ജാംഷഡ്പൂരിലാണ് സംഭവം.

വീട്ടുടമസ്ഥന് ജൂലായ് എട്ടിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ടാറ്റാ മെയിൻ ഹോസ്പിറ്റലിൽ ചികിൽസയിലാണ്. ഇയാളുടെ വീട് നിൽക്കുന്ന പ്രദേശം കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

പ്രദേശത്ത് നിരീക്ഷണത്തിനായി പൊലീസുകാരെയും നിയോഗിച്ചിരുന്നു. ഇതിനിടെയാണ് പൊലീസിന്റെയും നാട്ടുകാരുടെയും കണ്ണുവെട്ടിച്ച് കള്ളന്മാർ മോഷ്ടിക്കാൻ കയറിയത്.

വീട്ടുടമസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരുമാസമായി ഇയാളുടെ ഭാര്യയും കുട്ടികളും അവരുടെ നാട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് കള്ളന്മാർ വീട്ടിൽ കയറിയത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അലോക് രഞ്ജൻ അറിയിച്ചു.