ee

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സൊനാർപൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം കത്തുന്നു. തെരുവിലിറങ്ങിയ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിചാർജ് നടത്തുകയും ചെയ്തു. മൂന്ന് ബസുകളും ഒരു പൊലീസ് വാഹനവും അഗ്‌നിക്ക് ഇരയായി. കൊൽക്കത്തയേയും സിൽഗുരിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാത 31 ൽ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി.

കഴിഞ്ഞദിവസം രാത്രി മുതൽ പെൺകുട്ടിയെ കാണാതായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇന്നലെ പെൺകുട്ടിയുടെ മൃതദേഹം ഒരു മരച്ചുവട്ടിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മുഖത്തും ശരീരത്തും വിഷത്തിന്റെ അംശമുണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. മൃതദേഹത്തിന് സമീപം കണ്ടെത്തിയ രണ്ട് സൈക്കിളുകളും മൊബൈൽ ഫോണുകളും നാട്ടുകാർ പൊലീസിന് കൈമാറിയിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പെൺകുട്ടിയുടെ മരണത്തെപ്പറ്റി അന്വേഷണം തുടങ്ങിയിട്ടുണെന്നും പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ടിൽ പെൺകുട്ടിയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്നാണ് സ്ഥിരീകരണം. ഏതെങ്കിലും തരത്തിലുള്ള പരുക്കിനെക്കുറിച്ചോ ലൈംഗിക ചൂഷണത്തെക്കുറിച്ചോ പരാമർശമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.