ജയ്‌പൂർ: പാർട്ടി നേതൃത്വത്തിന്റെ കഴിവുകേട് ചൂണ്ടിക്കാട്ടുന്നത് അയോഗ്യത കൽപ്പിക്കാനുള്ള കാരണമാകില്ലെന്ന് സ്‌പീക്കറുടെ നടപടി ചോദ്യം ചെയ്‌ത സച്ചിൻ പൈലറ്റും 18 എം.എൽ.എമാരും രാജസ്ഥാൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. വാദം ഇന്നും തുടരുന്നതിനാൽ അയോഗ്യതാ നടപടികൾ ബുധനാഴ്‌ച വരെ നിറുത്തിവയ്‌ക്കാമെന്ന് സ്‌പീക്കർ കോടതിയെ അറിയിച്ചു. നേരത്തെ കോടതി നൽകിയ നിർദ്ദേശപ്രകാരം സ്‌പീക്കറുടെ നോട്ടീസ് കാലാവധി ഇന്ന് വൈകിട്ട് അവസാനിക്കേണ്ടതാണ്.
നിയമസഭയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാൻ സ്‌പീക്കർക്ക് അധികാരമുണ്ടെന്നും അത് കോടതിയിൽ ചോദ്യം ചെയ്യാനാകില്ലെന്നും സ്‌പീക്കർ സി.പി.ജോഷിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്‌വിയും ചീഫ് വിപ്പ് മഹേഷ് ജോഷിക്കു വേണ്ടി ഹാജരായ അഡ്വ. ദേവദത്ത് കാമത്തും വാദിച്ചു. സച്ചിനും കൂട്ടരും പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും അത് അഭിപ്രായ സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
സഭയ്‌ക്കു പുറത്തു ചേർന്ന യോഗത്തിന് നൽകിയ വിപ്പ് ബാധകമാകുമോ എന്ന് കേസ് പരിഗണിച്ച ചീഫ് ജസ്‌റ്റിസ് മൊഹന്തി സംശയം പ്രകടിപ്പിച്ചപ്പോളാണ് സ്‌പീക്കറുടെ അധികാരപരിധി സർക്കാർ പക്ഷം വിശദീകരിച്ചത്. തുടർന്ന് സച്ചിന്റെയും വിമത എം.എൽ.എമാരുടെയും അഭിഭാഷകൻ ഹരീഷ് സാൽവെയും വിപ്പിന്റെ അധികാരപരിധിയാണ് ചോദ്യം ചെയ്‌തത്. ചീഫ് വിപ്പിന്റെ അധികാരം സഭയ്‌ക്കുള്ളിലാണെന്നും പുറത്തു നടന്ന യോഗത്തിൽ പങ്കെടുക്കാത്തത് വിപ്പ് ലംഘനമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ ചേരുമ്പോഴാണ് കൂറുമാറ്റ നിരോധനം ബാധകമാകുക. ഇത് പാർട്ടിയിലെ അഭ്യന്തര തർക്കമാണ്. പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്‌തതിന്റെ പേരിൽ അയോഗ്യത കൽപ്പിക്കാൻ സ്‌പീക്കർക്ക് അധികാരമില്ലെന്നും സാൽവെ വാദിച്ചു.