ന്യൂഡൽഹി: ഉത്തർപ്രദേശിലെ കൊടുംകുറ്റവാളി വികാസ് ദുബെയുടെ മരണകാരണം വെടിയേറ്റതിനെ തുടർന്നുണ്ടായ രക്തസ്രാവം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കാൺപൂരിൽ ദുബെക്കായി നടത്തിയ തെരച്ചിലിനിടയിൽ എട്ടു പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. ശേഷം പിടിയിലായ ഇയാൾ ഈ മാസം 10ന് പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ദുബെയുടെ ശരീരത്തിൽനിന്ന് നാലു വെടിയുണ്ടകൾ കണ്ടെടുത്തതായി ഡോക്ടർമാർ പറഞ്ഞു. ദുബെയുടെ മരണം വ്യാജ ഏറ്റുമുട്ടലാണെന്നാരോപിച്ച് സുപ്രീംകോടതിയിൽ ഉൾപ്പെടെ വിവിധ കോടതികളിൽ നിരവധി ഹർജികൾ എത്തിയിരുന്നു.