ന്യൂഡൽഹി: ഊതിവീർപ്പിച്ച പ്രതിച്‌ഛായയ്‌ക്കുമേൽ വാഴുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ഇക്കാര്യം മനസിലാക്കിയാണ് ചൈന അതിർത്തി കൈയേറാൻ ശ്രമിച്ചതെന്നും രാഹുൽ ഗാന്ധി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. പ്രധാനമന്ത്രിയെ ആക്രമിച്ച് വെള്ളിയാഴ്‌ചയും രാഹുൽ വീഡിയോ സന്ദേശമിറക്കിയിരുന്നു.
56ഇഞ്ച് നെഞ്ചളവുള്ളവനെന്ന പ്രതിച്ഛായയുമായാണ് മോദി അധികാരത്തിലെത്തിയത്. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തിയും ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ ദൗർബല്യവും. എപ്പോഴും ഈ പ്രതിച്ഛായ നിലനിറുത്തണമെന്ന ചിന്ത മാത്രമാണ് മോദിക്ക്. അതുകൊണ്ടാണ് ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയപ്പോഴും ഒരിഞ്ച് ഭൂമി പോലും നഷ്‌ടമായില്ലെന്ന് പറഞ്ഞത്. രാഷ്‌ട്രീയക്കാരനായ മോദി 55 ഇഞ്ച് നെഞ്ചളവിന്റെ പ്രതിച്ഛായ നിലനിറുത്താൻ ശ്രമിക്കുമെന്ന് മനസിലാക്കിയാണ് ചൈന കടന്നുകയറിയത്. ലോകം കാൽക്കീഴിലാക്കാൻ പദ്ധതിയിടുന്ന ചൈന തന്ത്രപരമായി ആലോചിക്കാതെ ഒന്നും ചെയ്യില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി. പാകിസ്ഥാനുമായി ചേർന്ന് കാശ്‌മീർ അതിർത്തിയിലും സമാനമായ കടന്നുകയറ്റമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കാര്യങ്ങൾ വളച്ചൊടിക്കുന്നു: നദ്ദ
കാര്യങ്ങൾ വളച്ചൊടിച്ച് രാഷ്‌ട്രീയ ലാഭമുണ്ടാക്കാനാണ് രാഹുലിന്റെ നീക്കമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പ്രതികരിച്ചു. ചൈനയുമായി വിട്ടുവീഴ്‌ച ചെയ്‌തവരാണ് ഗാന്ധി കുടുംബമെന്നും അദ്ദേഹം പറഞ്ഞു.