kk

ന്യൂഡൽഹി : കൊവിഡ് വ്യാപനത്തിനിടയിൽ പ്രതീക്ഷ നൽകി ഇന്ത്യയിലെ സുഗന്ധ വ്യഞ്ജന കയറ്റുമതിയിൽ വർദ്ധനവ്. ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി ഈ മാസം 23 ശതമാനം വർധിച്ചെന്നാണ് റിപ്പോർട്ടുകൾ. 2019 ജൂലായിൽ 292 മില്യൺ ഡോളറിന്റെ സുഗന്ധ വ്യഞ്ജനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയച്ചത്. ഈ വർഷം ഇത് 359 മില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. കൊവിഡിനിടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഇന്ത്യയ്ക്ക് ഇത് വലിയ ആശ്വാസമാണെന്നാണ് വിലയിരുത്തൽ.

വിദേശ വിനിമയത്തിന്റെ ഗുണങ്ങൾ സുഗന്ധ വ്യഞ്ജനത്തിന്റെ കയറ്റുമതിയെ ത്വരിതപ്പെടുത്താൻ സഹായിച്ചതായി വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞ വർഷം കയറ്റുമതിയിൽ നിന്നും 2,030 കോടി രൂപയായിരുന്നു ലഭിച്ചത്. എന്നാൽ ഈ വർഷം ഇത് 2,721 കോടിയായി ഉയർന്നെന്നും വ്യാപാരികൾ വ്യക്തമാക്കി. അമേരിക്ക, ലണ്ടൻ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, കാനഡ, ആസ്‌ട്രേലിയ, യു.എ.ഇ., ഇറാൻ, സിംഗപ്പൂർ, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് സുഗന്ധ വ്യഞ്ജനങ്ങൾ എത്തുന്നത് ഇന്ത്യയിൽ നിന്നാണ്.