con
con

ന്യൂഡൽഹി: വ്യാജ ഉത്പന്നങ്ങൾ, മായം ചേർക്കൽ തുടങ്ങിയവയെ നിയന്ത്രിക്കാനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും വ്യവസ്ഥകളുള്ള പുതിയഉപഭോക്തൃ സംരക്ഷണ നിയമം- 2019 പ്രാബല്യത്തിൽ വന്നു. നിയമം നടപ്പാക്കാൻ അധികാരമുള്ള കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി സ്ഥാപിക്കാനുള്ള വ്യവസ്ഥയാണ് പ്രധാനം.

ഉപഭോക്തൃ അവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷണം നടത്താനും സുരക്ഷിതമല്ലാത്ത ചരക്കുകളും സേവനങ്ങളും മടക്കി വിളിക്കാനും നീതിയുക്തമല്ലാത്ത വ്യാപാര സമ്പ്രദായങ്ങൾ നിർത്തലാക്കാനും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് ശിക്ഷ നൽകാനും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടിക്ക്(സി.സി.പി.എ.)കഴിയും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ നീതിയുക്തമല്ലാത്ത വ്യാപാര രീതി തടയാനുള്ള വ്യവസ്ഥകളും നിയമത്തിലുണ്ടെന്ന് കേന്ദ്ര ഉപഭോക്‌തൃ മന്ത്രി രാംവിലാസ് പാസ്വാൻ പറഞ്ഞു.

ഇനി മുതൽ ജില്ലാ, സംസ്ഥാന കമ്മീഷനുകൾക്ക് സ്വന്തം വിധികൾ പുനഃപരിശോധിക്കാനുള്ള അധികാരമുണ്ടാകും. ഇലക്ട്രോണിക് പരാതികൾ നൽകാനുള്ള വ്യവസ്ഥയാണ് മറ്റൊന്ന്. മധ്യസ്ഥതയ്ക്ക് പകരമുള്ള തർക്ക പരിഹാര സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മധ്യസ്ഥതയിലൂടെയുള്ള ഒത്തുതീർപ്പിനെതിരെ അപ്പീൽ നൽകാനാവില്ല. 5 ലക്ഷം രൂപ വരെയുള്ള കേസുകൾ ഫീസ് ഇല്ലാതെ ഫയൽ ചെയ്യാം.