മാനത്തെ മഴവില്ല് കാണാൻ ആഗ്രഹമില്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ആ മാരിവില്ല് ഭൂമിയിൽ വിരിഞ്ഞാലോ? ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദ്വീപ് രാഷ്ട്രമായ മൗറിഷ്യസിലെ ചമറേൽ എന്ന ഗ്രാമം ശ്രദ്ധയാകർഷിക്കുന്നത് അവിടത്തെ മണ്ണിൽ സപ്തവർണങ്ങൾ വിരിയുന്നതിലൂടെയാണ്. സങ്കീർണമായ രാസ, ഭൗതികമാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രം ഈ അദ്ഭുതത്തെ വിശദീകരിക്കുന്നത്.
മൗറിഷ്യസിന്റെ പടിഞ്ഞാറൻ തീരപ്രദേശത്ത് റിവിയർ നോയ്ർ ജില്ലയിലാണ് 7500 ചതുരശ്ര കിലോ മീറ്റർ മാത്രം വിസ്‌തൃതിയുള്ള ചമറേൽ എന്ന ഗ്രാമം. ആയിരത്തോളം ആളുകൾ മാത്രം സ്ഥിരതാമസമുള്ള ഈ ഗ്രാമവും പരിസരവും പ്രകൃതിഭംഗി നിറഞ്ഞ കാഴ്ചകൾക്ക് പ്രശസ്തമാണ്. അക്കൂട്ടത്തിൽ വേറിട്ട് നിൽക്കുന്ന കാഴ്ചയാണ് ഏഴ് നിറമുള്ള ഭൂഭാഗം.
ഗ്രാമത്തിനോടു ചേർന്ന് വൻമരങ്ങൾ ഇടതിങ്ങിയ കൊടുംകാടിനു നടുവിലാണ് നിറങ്ങളാൽ തിളങ്ങുന്ന ഈ ഭൂമിയുള്ളത്. യഥാർഥത്തിൽ ഇവിടം മരുഭൂമികളിലെന്നപ്പോലെ മണൽക്കുന്നുകൾ നിറഞ്ഞ ഒരു പ്രദേശമാണ്. ചുപ്പ്, തവിട്ട്, വയലറ്റ്, പച്ച, നീല, പർപ്പിൾ, മഞ്ഞ നിറങ്ങളിലുള്ള മണ്ണ് ഈ പ്രത്യേകഭാഗത്ത് കാണാം. അറിഞ്ഞിടത്തോളം ഭൂമിയിൽ മറ്റൊരിടത്തും ഇത്തരമൊരു സവിശേഷതയില്ല. മരക്കൂട്ടം പകരുന്ന ഹരിതാഭ പശ്ചാത്തലം ഈ പലനിറക്കാഴ്ചയുടെ മാറ്റ് കൂടുന്നു. ചമറേലിലെ നിറമുള്ള മണ്ണിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. പല നിറങ്ങളിലുള്ള മണ്ണു കൂട്ടിക്കലർത്തി എടുത്താൽ അൽപസമയം കൊണ്ട് അവ നിറത്തിന്റെ അടിസ്ഥാനത്തിൽ പല തട്ടുകളായി തിരിഞ്ഞ് സ്വയം ക്രമീകരിക്കും. ഇതിന്റെ ശാസ്ത്രീയവശം എന്താണെന്ന് ഇതുവരെ ആരും വിശദീകരിച്ചിട്ടില്ല.
ചമറേലിലെ മാജിക് മണ്ണിന് 600 ദശലക്ഷം വർഷം പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. അഗ്‌നിപർവത സ്‌ഫോടനത്തിലൂടെ ഭൂമിയുടെ മുകൾതട്ടിലെത്തുന്ന ബസാൾട്ട് ശിലയുടെ വിഘടനമാണ് സപ്തവർണ പ്രതിഭാസത്തിന്റെ കാരണം. ഉരുകിയൊലിച്ചു കിടക്കുന്ന മാഗ്മ തണുത്തുറയുന്നതിനിടെ മഴക്കാലത്ത് അതിലൂടെ ശക്തമായ ജലപ്രവാഹമുണ്ടായാൽ ബസാൾട്ട് കളിമണ്ണായി വിഘടിക്കുന്ന പ്രക്രിയയുടെ നിരക്ക് വലിയരീതിയിൽ വ്യത്യാസപ്പെടും. രാസമാറ്റങ്ങളുടെ ഫലമായി ഇരുമ്പിന്റെയും അലുമിനിയത്തിന്റെയും ഓക്‌സൈഡുകൾ ഈ ഘട്ടത്തിൽ രൂപപ്പെടുന്നു. ഇരുമ്പ് ഓക്‌സൈഡിന് ചുവപ്പ് നിറവും അലുമിനിയം ഓക്‌സൈഡിനു നീല നിറവുമാണ്. രാസമാറ്റത്തിന്റെ നിരക്കിലോ ഘടകങ്ങളിലോയുള്ള വ്യത്യാസമാകാം ബാക്കിയുള്ള അഞ്ചു നിറങ്ങൾ രൂപപ്പെടാൻ കാരണം.
സന്ദർശകരുടെ എണ്ണം വർദ്ധിച്ചതോടെ സപ്തവർണങ്ങളിൽ മണ്ണുള്ള പ്രദേശം പ്രത്യേക ഭൗമ പാർക്കാക്കി മാറ്റിയിട്ടുണ്ട്. സന്ദർശകർക്ക് മണ്ണിൽ കടക്കാതെ തന്നെ ആ കാഴ്ച ആസ്വദിക്കാൻ സഹായിക്കുംവിധം ഗാലറികളും ഒരുക്കിയിട്ടുണ്ട്. മണ്ണു വാരി കൊണ്ടുപോകാൻ സാധിക്കില്ലെങ്കിലും നിറക്കാഴ്ചയുടെ ഓർമ നിലനിർത്താൻ സഹായിക്കും വിധം ഗ്ലാസ് പായ്ക്കുകളിൽ ഒരുക്കിയ മണ്ണ് സമ്മാനിക്കാനായി വാങ്ങിക്കൊണ്ടുപോകാൻ അവസരമുണ്ട്.