jia

സ്ത്രീകളുടെ പൊതുവേയുള്ള വീക്ക്‌നെസാണ് പൂക്കൾ. തലമുടി നിറയെ പൂവ് ചൂടാൻ കിട്ടുന്ന ഒരു അവസരവും അവർ പാഴാക്കാറുമില്ല. എന്നാൽ തലമുടി നിറയെ പൂവ് ചൂടുന്ന പുരുഷന്മാരും ലോകത്തുണ്ട്. അത് ദിവസവും വേണമെന്ന് അവർക്ക് നിർബന്ധവുമുണ്ട്.

സൗദിഅറേബ്യയിലെ തെക്കൻ പ്രവിശ്യകളായ ജിസാൻ അസീർ മേഖലകളിൽ അധിവസിക്കുന്ന പൗരാണിക ജനവിഭാഗങ്ങളാണ് തിഹാമ, ആസിർ ഗോത്രവർഗക്കാകാർ. പൂക്കളേയും പൂക്കാരേയും ഒരുപോലെ താലോലിക്കുന്ന ഈ പർവ്വതപ്രദേശം ഏതു കാലാവസ്ഥയിലും വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾകൊണ്ട് സമ്പന്നമാണ്.

പൂക്കാരികൾക്ക് പകരം, പൂക്കൾ വിൽക്കുന്ന പുരുഷന്മാരാണ് ഇവിടത്തെ മറ്റൊരുകൗതുകകാഴ്ച. അറബ് വംശജരുടെ പരമ്പരാഗതമായ തലപ്പാവിന് പകരം, ഇവിടുത്തെ പുരുഷന്മാർ പതിവായി ഉപയോഗിക്കുന്നത്, വിവിധതരം പൂക്കൾക്കൊണ്ട് തീർത്ത സവിശേഷമായ തൊപ്പികളാണ്. പൂക്കൾ വിൽക്കുന്ന ഗോത്രക്കാരെ തിരിച്ചറിയാനുള്ള ഉപാധിയും മനോഹരങ്ങളായ ഈ തൊപ്പികൾ തന്നെ. പൂത്തൊപ്പികൾ ധരിക്കുന്നവരിൽ ശാരീരികവും മാനസികവുമായ അസുഖങ്ങളൊന്നും ബാധിക്കില്ല എന്ന വിശ്വാസവും ഇതിനു പിന്നിലുണ്ട്.
വിവിധ തരത്തിലുള്ള മുല്ലപ്പൂവുകളാണ്, തൊപ്പികൾ ഉണ്ടാക്കാൻ കൂടുതലായും ഉപയോഗിക്കുന്നത്. ഇത് അലങ്കരിക്കാനായി ജമന്തിയും മറ്റു പൂക്കളും ഉപയോഗിക്കുന്നു. പ്രദേശ വാസികളുടെ ഏക വരുമാനമാർഗ്ഗവും പൂക്കച്ചവടമാണ്.സന്തോഷമായാലും ദുഃഖമായാലും ദൈനംദിന ജീവിതത്തിൽ പൂക്കൾകൊണ്ടുള്ള തൊപ്പികൾ ഇവർക്ക് അനിവാര്യമാണ്.തൊപ്പികളുടെ രൂപങ്ങൾ നോക്കിയാൽ ഇവിടത്തെ ഓരോ മനുഷ്യന്റെയും വിചാര വികാരങ്ങൾ വായിച്ചറിയാൻ കഴിയുമത്രേ.

ഈന്തപ്പനയുടെ തടികളും മറ്റും ഉപയോഗിച്ചുകൊണ്ട് നിർമ്മിക്കുന്ന ഒരു വളയത്തിലാണ് ചെറുതും വലുതുമായ പുഷ്പങ്ങൾ ചേർത്തുള്ള തൊപ്പികൾ നിർമ്മിക്കുന്നത്. അനുദിനം ഇവർ ധരിക്കുന്ന തൊപ്പികൾക്ക് മനോഹാരിത വർദ്ധിപ്പിക്കുന്നതിൽ ഗോത്രങ്ങൾ തമ്മിൽ മത്സരമാണ്. വിവാഹം പോലുള്ള പ്രത്യേക ചടങ്ങുകളിലും ഇവരുടെ മാത്രം വിശേഷ ദിനങ്ങളിലും പൂക്കൾ കൊണ്ടുള്ള അലങ്കാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. കാലാവസ്ഥാമാറ്റങ്ങളുടെ ഭാഗമായും മറ്റും ഉണ്ടാകുന്ന അസുഖങ്ങൾ മാറ്റാൻ വൈദ്യന്മാരെ കാണുന്ന പതിവില്ല, പകരം പ്രത്യേക തരം ഔഷധസസ്യങ്ങൾ ചേർത്തുണ്ടാക്കിയ പൂത്തൊപ്പികൾ ചൂടുന്ന പാരമ്പര്യമാണ് ഗോത്രവർഗ്ഗക്കാർക്കുള്ളത്.