ന്യൂഡൽഹി: മദ്ധ്യപ്രദേശ് ഗവർണറും മുതിർന്ന ബി.ജെ.പി നേതാവുമായ ലാൽജി ടണ്ഠൻ (85) അന്തരിച്ചു. ശ്വാസതടസം അടക്കം ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് രണ്ടുമാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകനും യു.പി മന്ത്രിയുമായ അശുതോഷ് ടണ്ഠനാണ് മരണ വിവരം ഇന്നലെ പുലർച്ചെ ട്വിറ്ററിലൂടെ അറിയിച്ചത്.
ടണ്ഠന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദി പട്ടേലിന് മദ്ധ്യപ്രദേശ് ഗവർണറുടെ അധിക ചുമതല നൽകിയിരുന്നു.
ഉത്തർപ്രദേശിൽ നിന്ന് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ലാൽജി ടണ്ഠൻ മുൻ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഉത്തർപ്രദേശിൽ ബി.എസ്.പി - ബി.ജെ.പി സഖ്യകക്ഷി സർക്കാരിന്റെ കാലത്തും കല്യാൺ സിംഗ് സർക്കാരിന്റെ കാലത്തും മന്ത്രിയായിരുന്നു.
മന്ത്രിയായിരിക്കെ ജന്മദിനത്തിൽ സൗജന്യ സാരി വിതരണം നടത്തുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും 21പേർ മരിച്ച സംഭവം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത അദ്ധ്യായമാണ്. ലഖ്‌നൗവിൽ നിന്ന് ജയിച്ച് 2009ൽ ലോക്‌സഭയിലെത്തി. ഇപ്പോൾ ബി.ജെ.പിയിലുള്ള മുൻ കോൺഗ്രസ് നേതാവ് റീത്താ ബഹുഗുണ ജോഷിയെയാണ് അന്ന് തോൽപ്പിച്ചത്. നരേന്ദ്രമോദി സർക്കാർ 2018 ആഗസ്‌റ്റിൽ ലാൽജി ടണ്ഠനെ ബിഹാർ ഗവർണറായി നിയമിച്ചു. തിരഞ്ഞെടുപ്പിൽ ജയിച്ച് കോൺഗ്രസ് ഭരിക്കുന്ന സമയത്താണ് 2019 ജൂലായിൽ മദ്ധ്യപ്രദേശ് ഗവർണറായി നിയമനം ലഭിച്ചത്. തുടർന്ന് ബി.ജെ.പിയുടെ തന്ത്രപരമായ നീക്കങ്ങൾക്കൊടുവിൽ കമൽനാഥ് സർക്കാരിന് അധികാരം നഷ്‌ടപ്പെടുകയും ബി.ജെ.പി സർക്കാർ ഭരണത്തിലെത്തുകയും ചെയ്തു. ടണ്ഠന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചിച്ചു.