sachin

ന്യൂഡൽഹി/ജയ്‌പൂർ: സ്‌പീക്കറുടെ അയോഗ്യതാ നടപടികൾക്കെതിരെ സച്ചിൻ പൈലറ്റും 18 വിമത എം.എൽ.എമാരും നൽകിയ ഹർജിയിൽ വാദം പൂർത്തിയാക്കിയ രാജസ്ഥാൻ ഹൈക്കോടതി വെള്ളിയാഴ്‌ച വിധി പറയാൻ മാറ്റി. അതുവരെ അയോഗ്യത നടപടികൾ നിറുത്തിവയ്‌ക്കാൻ ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മൊഹന്തിയും ജസ്റ്റിസ് പ്രകാശ് ഗുപ്‌തയും അടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. അതിനിടെ ഭൂരിപക്ഷമുണ്ടെന്ന ഉറപ്പിക്കാൻ ഇന്നലെ അശോക് ഗെലോട്ട് നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തേതാണിത്.

നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാനുള്ള വിപ്പ് ലംഘിച്ചതിനും ബി.ജെ.പിയുമായി ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചും ജൂലായ് 14നാണ് സ്‌പീക്കർ സി.പി. ജോഷി അയോഗ്യതാ നടപടികൾ തുടങ്ങിയത്. ജൂലായ് 17നുള്ളിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ട് നോട്ടീസും നൽകിയതിനെതിരെയാണ് 16ന് സച്ചിനും എം.എൽ.എമാരും കോടതിയെ സമീപിച്ചത്.

തങ്ങൾ പാർട്ടി അംഗങ്ങളായി തുടരുന്നവരാണെന്നും നേതൃത്വത്തിന്റെ കുറവു ചൂണ്ടിക്കാട്ടുന്നത് അയോഗ്യതയ്ക്കുള്ള കാരണമല്ലെന്നും സച്ചിനും മറ്റും കോടതിയിൽ വാദിച്ചു. സഭാ ചട്ടപ്രകാരം ഏഴു ദിവസം മറുപടിക്ക് നൽകണമെന്നിരിക്കെ തങ്ങൾക്ക് ലഭിച്ചത് മൂന്നുദിവസം മാത്രം.

നിയമസഭയ്‌ക്ക് പുറത്ത് ഒരു ഹോട്ടലിൽ നടന്ന യോഗത്തിന് ഹാജരാകാത്തത് വിപ്പ് ലംഘനമാകുമോ എന്നതിനെ സംബന്ധിച്ചും വാദം നടന്നു. സഭ സമ്മേളിക്കാത്ത സമയത്ത് പുറപ്പെടുവിക്കുന്ന വിപ്പിന്റെ സാധുതയിൽ കഴിഞ്ഞ ദിവസം കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. സുപ്രീംകോടതി അഭിഭാഷകരായ ഹരീഷ് സാൽവെയും മുകുൾ റോഹ്‌തഗിയുമാണ് ഹർജിക്കാർക്കു വേണ്ടി ഹാജരായത്. സഭാംഗങ്ങളുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ 212-ാം വകുപ്പ് പ്രകാരം സ്‌പീക്കർക്കുള്ള അധികാരത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് സ്‌പീക്കർക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌‌വി ചൂണ്ടിക്കാട്ടി. അനീതി കോടതിയിൽ ചോദ്യം ചെയ്യാനാകുമെന്നായിരുന്നു മറുപക്ഷത്തിന്റെ മറുപടി.

 ശക്തി തെളിയിക്കാൻ ഗെലോട്ട്

സർക്കാരിന് ഭീഷണിയില്ലെന്ന് തെളിയിക്കാനും ഭൂരിപക്ഷം എം.എൽ.എമാർ തനിക്കൊപ്പമാണെന്ന് ബി.ജെ.പിയെ ബോദ്ധ്യപ്പെടുത്താനും ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇന്നലെ വീണ്ടും നിയമസഭാ കക്ഷി യോഗം വിളിച്ചത്. ഔദ്യോഗിക പക്ഷ എം.എൽ.എമാർ താമസിക്കുന്ന ഹോട്ടലിലായിരുന്നു യോഗം. തുടർന്ന് മുഖ്യമന്ത്രിയുടെ വസതിയിൽ മന്ത്രിസഭാ യോഗവും ചേർന്നു.

 സച്ചിനെ കൈവിടാതെ ഹൈക്കമാൻഡ്

അതേസമയം സച്ചിനെ അനുനയിപ്പിച്ച് പാർട്ടിയിൽ നിലനിറുത്താനുള്ള ഹൈക്കമാൻഡ് നീക്കവും സജീവമാണ്. ദൂതൻമാർ മുഖേന ചർച്ചകൾ നടക്കുന്നു. സച്ചിൻ കഴിവുകെട്ടവനാണെന്ന ഗെലോട്ടിന്റെ പ്രസ്‌താവനയിൽ ഹൈക്കമാൻഡ് നിരാശ പ്രകടിപ്പിച്ചതായി അറിയുന്നു.