vkram

 എട്ടുപേർ അറസ്റ്റിൽ

നടപടിയെടുക്കാത്ത പൊലീസുകാരന് സസ്പെൻഷൻ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അക്രമി സംഘത്തിന്റെ വെടിയേറ്റ് മാദ്ധ്യമപ്രവർത്തകൻ മരിച്ചു. യു.പിയിലെ പ്രദേശിക പത്രപ്രവർത്തകൻ വിക്രം ജോഷിയാണ് പെൺമക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെ, വെടിയേറ്റ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അക്രമത്തിന്റെ ദൃശ്യം സമീപത്തെ സി.സി.ടി.വിയിൽ നിന്ന് ലഭിച്ചതോടെ എട്ടുപേരെ അറസ്റ്റ് ചെയ്തു. മാദ്ധ്യമപ്രവർത്തകന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ നടപടിയെടുക്കാൻ വിസമ്മതിച്ച കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തു.

തിങ്കളാഴ്ച രാത്രി 10.30ന് ഗാസിയാബാദിലെ വിജയ് നഗർ റോഡിൽ വച്ചായിരുന്നു ആക്രമണം. വിക്രംജോഷിയുടെ ബൈക്ക് തടഞ്ഞ അക്രമികൾ ജോഷിയെ വലിച്ചിഴച്ച് മർദ്ദിച്ച ശേഷം ഓടിപ്പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വെടിവയ്ക്കുന്നത് വീഡിയോയിൽ വ്യക്തമല്ല. മക്കൾ പിതാവിനെ ആശുപത്രിയിലെത്തിക്കാൻ വാഹനങ്ങൾക്ക് മുന്നിൽ സഹായം അഭ്യർത്ഥിക്കുന്നതും ദൃശ്യത്തിലുണ്ട്. തുടർന്ന് രണ്ട് പേരെത്തി വിക്രം ജോഷിയെ ആശുപത്രിയിൽ കൊണ്ടുപോയി.

തന്റെ അനന്തരവളെ ഒരു സംഘം ശല്യപ്പെടുത്തുന്നുവെന്ന് വിക്രം ജോഷി പൊലീസിൽ പരാതിപ്പെട്ടിരുന്നു. പിന്നാലെയാണ് ആക്രമണമുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു.