ന്യൂഡൽഹി: സിവിൽ സർവീസ് അഭിമുഖത്തിനായി ഡൽഹിയിൽ എത്തുന്നവർക്ക് വിമാനക്കൂലി നൽകുമെന്ന് യു.പി.എസ്.സി. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ട്രെയിൻ സർവീസ് പൂർണ തോതിൽ തുടങ്ങാത്തതിനാലാണ് തീരുമാനം. നാട്ടിൽ നിന്ന് ഡൽഹിക്കും തിരിച്ചുമുള്ള കുറഞ്ഞ വിമാന നിരക്കാണ് അനുവദിക്കുക. താമസം, വാഹന സൗകര്യം എന്നിവയ്ക്കും സഹായിക്കും. ഈ മാസം 30വരെയാണ് ഇന്റർവ്യൂ.

നിയന്ത്രിത മേഖലകളിലുള്ള ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിന് വരാൻ സംസ്ഥാന സർക്കാറുകൾ അനുവദിക്കണമെന്നും യു.പി.എസ്.സി അഭ്യർത്ഥിച്ചിട്ടുണ്ട്. 2,304 ഉദ്യോഗാർത്ഥികൾക്കാണ് ഇന്റർവ്യൂ നടത്തേണ്ടിയിരുന്നത്. എന്നാൽ, മാർച്ചിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ 623 പേരുടെ ഇന്റർവ്യൂ നീട്ടിവയ്ക്കുകയായിരുന്നു. ഉദ്യോഗാർത്ഥികൾക്ക് മാസ്‌ക്, മുഖ കവചം, സാനിറ്റൈസർ, കൈയുറ എന്നിവയടങ്ങിയ കിറ്റ് നൽകും. സിവിൽ സർവീസിന് പ്രിലിമിനറി, മെയിൻ പരീക്ഷകൾ, ഇന്റർവ്യൂ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളാണുള്ളത്.