bulenda

ന്യൂഡൽഹി: മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ കാളയ്ക്ക് പകരം കലപ്പ സ്വന്തം കഴുത്തിലിട്ട് വലിച്ച് നിലമുഴുത് സ്ത്രീകൾ. മദ്ധ്യപ്രദേശിലെ ബുന്ദേൽഖണ്ഡിലാണ് സ്ത്രീകൾ കലപ്പയുമായി പാടത്തിറങ്ങിയത്.

കടുത്ത ചൂടിനെ കണക്കിലെടുക്കാതെയാണ് സ്ത്രീകൾ കൂട്ടമായി എത്തി നിലം ഉഴുതത്. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് ഒരു തുള്ളി മഴ പെയ്തിട്ടില്ല. ഇനിയും വെള്ളം ലഭിച്ചില്ലെങ്കിൽ ഇവരുടെ സോയാബീൻ കൃഷിയാകെ നശിച്ചു പോകുമെന്ന അവസ്ഥയിലാണ്. ഇതോടെയാണ് സ്ത്രീകൾ മഴ ദൈവ പ്രീതിക്കായി നിലം ഉഴുത് മറിക്കാൻ തീരുമാനിച്ചത്.

'സോയാബീൻ വളരണമെങ്കിൽ നല്ല മഴ ലഭിക്കണം. 15 ദിവസമായി ഈ പ്രദേശത്ത് മഴ പെയ്തിട്ട്. ഇനിയും മഴ ലഭിച്ചില്ലെങ്കിൽ സോയാബീൻ നശിക്കുന്ന അവസ്ഥയിലാണ്."- 75കാരിയായ രാംപ്യാരി ബായ് പറഞ്ഞു.

വരൾച്ച കൂടുതലായി ബാധിക്കുന്ന പ്രദേശമാണ് ബന്ദേൽഖണ്ഡ്. കൃഷിയെ ആശ്രയിച്ചാണ് ഇവിടെയുള്ള മിക്കവരുടേയും ജീവിതം. മഴ കിട്ടാതെ വരുമ്പോൾ ഈ നാട്ടിലെ കൃഷിക്കാർ ഇത്തരത്തിൽ നിരവധി ആചാരങ്ങൾ അനുഷ്ഠിക്കാറുണ്ട്.