ന്യൂഡൽഹി: ഡൽഹിയിൽ 23.48 ശതമാനം പേർക്ക് കൊവിഡ് ബാധിച്ചതായി ഡൽഹി സർക്കാരുമായി ചേർന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ നടത്തിയ സെറോ സർവെയിൽ കണ്ടെത്തി. ജൂൺ 27 മുതൽ ജൂലായ് പത്തുവരെ 11 ജില്ലകളിൽ നിന്ന് ശേഖരിച്ച 21387 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ 23.48 ശതമാനത്തിലും ആന്റിബോഡി കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇവരിൽ ഭൂരിഭാഗം പേർക്കും ലക്ഷണങ്ങളില്ല. ഡൽഹി നിവാസികളിൽ നല്ലൊരു വിഭാഗത്തിനും രോഗസാദ്ധ്യത നിലനിൽക്കുകയാണെന്നും സർവേ ഫലം വ്യക്തമാക്കുന്നു. അതിനാൽ കൊവിഡ് പ്രതിരോധ നടപടികൾ ശക്തമായി തുടരണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. കൊവിഡ് വ്യാപനം ആരംഭിച്ചിട്ട് ആറുമാസമായിട്ടും ആളുകൾ തിങ്ങിപ്പാർക്കുന്ന നിരവധി മേഖലകളുള്ള ഡൽഹിയിൽ 23.48 ശതമാനമേ ബാധിച്ചുള്ളൂവെന്നത് നേട്ടമാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. യഥാസമയം ലോക്ക്ഡൗൺ ഏർപ്പെടുത്തിയതും നിരീക്ഷണവും രോഗികളെ കണ്ടെത്തലുമാണ് വ്യാപനം കുറയ്ക്കാൻ സഹായിച്ചതെന്നും ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു.