ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനം കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ച് നടത്തുന്നതിനായി രാജ്യസഭയും ലോക്‌സഭയും ഒന്നിടവിട്ട ദിവസങ്ങളിൽ ചേരുന്ന കാര്യം പരിഗണനയിൽ.
ഇരുസഭകളിലെയും 700ൽ അധികം അംഗങ്ങൾക്ക് സഭയ്‌ക്കുള്ളിൽ സുരക്ഷാ അകലം പാലിച്ച് ഇരിക്കാൻ കഴിയാത്തതാണ് ഇപ്പോഴുള്ള പ്രതിസന്ധി. കുറച്ചുപേരെ സെൻട്രൽ ഹാൾ, ലൈബ്രറി ഹാൾ എന്നിവിടങ്ങളിൽ ഇരുത്താനും ചിലർ ഓൺലൈനിൽ പങ്കെടുക്കുന്നതും ആലോചിച്ചിരുന്നു. രാജ്യസഭ പ്രവർത്തിക്കുമ്പോൾ ലോക്‌സഭയ്‌ക്ക് അവധി നൽകുന്ന നിർദ്ദേശമാണിപ്പോൾ പരിഗണനയിൽ. ശനി, ഞായർ ദിവസങ്ങളിൽ അടക്കം ഈ മാതൃകയിൽ സഭ സമ്മേളിക്കാമെന്നും നിർദ്ദേശമുണ്ട്.
ബഡ്‌ജറ്റ് സമ്മേളനം മാർച്ച് 23ന് പിരിഞ്ഞതിനാൽ ആറുമാസ ഇടവേളയെന്ന ചട്ടം പാലിച്ച് സെപ്‌തംബർ അവസാനവാരം പാർലമെന്റ് വീണ്ടും സമ്മേളിക്കേണ്ടതുണ്ട്. സാധാരണ ജൂലായ് ആദ്യവാരമാണ് മൺസൂൺ സമ്മേളനം തുടങ്ങുക. ഈവർഷം കൊവിഡ് മൂലം അനിശ്‌ചിതത്വം തുടരവെ രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെയും ലോക്‌സഭാ സ്‌പീക്കർ ഓംബിർളയുടെയും നേതൃത്വത്തിലാണ് വിവിധ നിർദ്ദേശങ്ങൾ പരിഗണിക്കുന്നത്.