cp

ഹർജി ഇന്ന് മൂന്നംഗ ബെഞ്ച് പരിഗണിക്കും

ന്യൂഡൽഹി: സച്ചിൻ പൈലറ്റിനും 18 എം.എൽ.എമാർക്കുമെതിരായ അയോഗ്യതാ നടപടികൾ നാളെ വരെ സ്‌റ്റേ ചെയ്‌ത ഹൈക്കോടതി നടപടി ചോദ്യം ചെയ്‌ത് നിയമസഭാ സ്‌പീക്കർ സി.പി.ജോഷി സുപ്രീംകോടതിയെ സമീപിച്ചു. ഈ ഹർജി ജസ്‌‌റ്റിസുമാരായ അരുൺ മിശ്ര, ബി.ആർ. ഗവായ്, കൃഷ്‌ണമുരാരി എന്നിവർ അംഗങ്ങളായ മൂന്നംഗബെഞ്ച് ഇന്ന് പരിഗണിക്കും. ഇതിനെതിരെ സച്ചിൻ പൈലറ്റ് തടസവാദ ഹർജിയും നൽകിയിട്ടുണ്ട്. സ്‌പീക്കറും സച്ചിനും സുപ്രീംകോടതിയിൽ എത്തിയതിനാൽ വെള്ളിയാഴ്‌ച രാജസ്ഥാൻ ഹൈക്കോടതി വിധി എന്തുതന്നെയായാലും നിയമ പോരാട്ടം തുടരുമെന്നുറപ്പായി.

പത്താം ഷെഡ്യൂൾ പ്രകാരമുള്ള അയോഗ്യത കൽപ്പിക്കൽ നടപടികളിൽ ഹൈക്കോടതിക്ക് ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പീക്കർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇത് അടിയന്തരമായി പരിഗണിക്കണമെന്ന് കോൺഗ്രസ് എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽസിബൽ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്‌റ്റിസ് എസ്.എ. ബോബ്‌ഡെ രജിസ്ട്രിയിൽ തീരുമാനിക്കുമെന്ന് വ്യക്തമാക്കി. സ്‌പീക്കറുടെ അധികാരത്തിൽ ഹൈക്കോടതി കൈ കടത്തിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസ് വരട്ടെയെന്നും വാദം അപ്പോൾ മതിയെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

അയോഗ്യതാ നടപടിക്രമങ്ങളുടെ ഭാഗമായ നോട്ടീസ് അയയ്‌ക്കുക മാത്രമാണ് ചെയ്‌തതെന്നും അതു സ്‌റ്റേ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സ്‌പീക്കർ നൽകിയ ഹർജിയിൽ പറയുന്നു. അതേസമയം സ്‌പീക്കറുടെ ഹർജി പരിഗണിച്ച് പെട്ടെന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നത് തടയുകയാണ് സച്ചിൻ പൈലറ്റിന്റെ ലക്ഷ്യം.

 35കോടി കോഴ ആരോപണം:

ഒരു രൂപ നഷ്‌ടപരിഹാരം തേടി സച്ചിൻ

ബി.ജെ.പിയിൽ ചേർന്ന് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ സച്ചിൻ പൈലറ്റ് 35 കോടി രൂപ വാഗ്‌ദാനം ചെയ്‌തെന്ന് ആരോപണം ഉന്നയിച്ച എം.എൽ.എ ഗിരിരാജ് സിംഗ് മലിംഗയ്‌ക്കെതിരെ സച്ചിൻ പൈലറ്റ് മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തു. ഒരാഴ്‌ചയ്‌ക്കുള്ളിൽ ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു രൂപ നഷ്‌ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് കേസ്. ബി.ജെ.പിയുമായി ചേർന്ന് ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ കഴിഞ്ഞ ഡിസംബർ മുതൽ സച്ചിൻ നിർബന്ധിച്ച് വരികയാണെന്ന് ഗിരിരാജ് സിംഗ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ആരോപണം നിഷേധിച്ച സച്ചിൻ കഴിഞ്ഞ ഏഴ് മാസം എന്തുകൊണ്ട് ഇക്കാര്യം പുറത്തുവിട്ടില്ലെന്നും ചോദിച്ചിരുന്നു.