ന്യൂഡൽഹി: നയതന്ത്ര-സൈനിക തല ചർച്ചകൾ പുരോഗമിക്കുമ്പോഴും വടക്കൻ ലഡാക്ക് അതിർത്തിയിലുടനീളം ചൈന സൈനിക വിന്യാസം തുടരുന്നു. നിയന്ത്രണ രേഖയ്‌ക്ക് സമീപവും പിന്നിലുമായി 40,000ത്തോളം സൈനികരുണ്ടെന്നാണ് വിവരം. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മിസൈലുകൾ, ടാങ്കുകൾ തുടങ്ങി സർവ സന്നാഹങ്ങളുമായാണ് നില്പ്.
ചർച്ചകളെ തുടർന്ന് ഗാൽവൻ താഴ്‌വര, ഹോട്ട്‌സ്‌പ്രിംഗ്, ഗോഗ്ര മേഖലകളിൽ നിന്ന് സൈനികരെ രണ്ടു കിലോമീറ്ററോളം ഇരുപക്ഷവും പിൻവലിച്ചിരുന്നു. കൂടുതൽ മേഖലകളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ജൂലായ് 14ന് ചേർന്ന നാലാം ഘട്ട കമാൻഡർമാരുടെ ചർച്ചയിലും തീരുമാനിച്ചെങ്കിലും ചൈന പ്രകോപനം തുടരുകയാണ്. പാംഗോംഗ് തടാകക്കരയിൽ ഇന്ത്യ അംഗീകരിച്ച നിയന്ത്രണ രേഖയ്‌ക്കുള്ളിലും ഡെപസാംഗ് മേഖലയിലും വൻ തോതിൽ ചൈനീസ് സന്നാഹമുണ്ട്. ഇന്ത്യൻ അതിർത്തിയിൽ നിന്നുള്ള സൈനിക നീക്കങ്ങൾ നിരീക്ഷിക്കാവുന്ന തരത്തിലാണ് അവരുടെ വിന്യാസം.