supream-court

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, മുൻ ചീഫ് ജസ്റ്റിസുമാർ എന്നിവരെ വിമർശിച്ച് ട്വീറ്റ് ചെയ്‌തെന്ന കോടതിയലക്ഷ്യ ഹർജിയിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ആഡംബര ബൈക്കിൽ ഇരിക്കുന്നതിന്റെ ചിത്രവും കൂടി ചേർത്ത ട്വീറ്റിൽ പ്രശാന്ത് ഭൂഷൺ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മറ്റൊരു ട്വീറ്റിൽ മുൻ ചീഫ് ജസ്റ്റിസുമാരെ അടക്കം വിമർശിച്ചു.

രണ്ട് ട്വീറ്റുകളിലും സ്വമേധയാ കോടതിയലക്ഷ്യക്കേസെടുത്ത ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച്, പ്രശാന്ത് ഭൂഷണിന് നോട്ടീസ് അയയ്ക്കാൻ ഉത്തരവിടുകയായിരുന്നു. ആഗസ്റ്റ് അഞ്ചിന് മുൻപ് വിശദീകരണം നൽകണം. കോടതിയെ സഹായിക്കാൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനെ നിയമിച്ചു. ഹർജിയിൽ അനാവശ്യമായി കക്ഷി ചേർത്തുവെന്നും കോടതി ഉത്തരവിട്ടാൽ ട്വീറ്റ് നീക്കം ചെയ്യാമെന്നും ട്വിറ്റർ അറിയിച്ചു.

ട്വീറ്റ് നീക്കാൻ കോടതിയുടെ ഉത്തരവ് വേണമോയെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്രയുടെ മറുചോദ്യം. എന്തുകൊണ്ട് സ്വമേധയാ നടപടിയെടുക്കുന്നില്ലെന്നും ആരാഞ്ഞു.