ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ആഗസ്‌റ്റ് അഞ്ചിന് ഉച്ചയ്‌ക്ക് 12.15ന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടുമെന്ന് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്‌റ്റ് അറിയിച്ചു. പ്രധാനമന്ത്രിയും 150ക്ഷണിക്കപ്പെട്ട അതിഥികളും അടക്കം 200പേരാണ് ഭൂമി പൂജാ ചടങ്ങിൽ പങ്കെടുക്കുക. തറക്കല്ലിടൽ ചടങ്ങിന് മുൻപ് പ്രധാനമന്ത്രി തൊട്ടടുത്ത ഹനുമാൻ ഗഡി ക്ഷേത്രത്തിലും രാം ലല്ലയുടെ താത്‌ക്കാലിക ക്ഷേത്രത്തിലും ആരാധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യാ പ്രക്ഷോഭത്തിൽ പങ്കെടുത്ത എൽ.കെ. അദ്വാനി അടക്കമുള്ള മുതിർന്ന നേതാക്കളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് തുടങ്ങിയവരും പങ്കെടുക്കും.
ആഗസ്‌റ്റ് അഞ്ചിന് 12.15നുള്ള 32 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ശുഭ മുഹൂർത്തമാണ് തറക്കല്ലിടലിനായി നിശ്‌ചയിച്ചതെന്ന് ട്രസ്‌റ്റ് അദ്ധ്യക്ഷൻ നിത്യ ഗോപാൽ ദാസിന്റെ വക്താവ് കമൽ നയൻ ദാസ് അറിയിച്ചു.