mummy

പണ്ട് ഹിമാചൽ പ്രദേശിലെ ഗ്യൂ ഗ്രാമത്തിലെ ജനങ്ങൾ തേൾശല്യം കാരണം പൊറുതി മുട്ടിയിരുന്നു. അപ്പോഴാണ് സാംഗ ടെൻസിൻ എന്നു പേരുള്ള ഒരു ലാമ അവിടെയെത്തിയത്. ജനങ്ങളുടെ കഷ്ടപ്പാട് കണ്ട് അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. തേൾശല്യം ഒഴിവാക്കാനായി അദ്ദേഹം തപസിരിക്കാൻ തുടങ്ങി. ആ ഇരിപ്പിലെപ്പോഴോ അദ്ദേഹം സമാധിയടഞ്ഞു. ലാമയുടെ ആത്മാവ് ശരീരം വിട്ടുപോയപ്പോൾ ആകാശത്ത് ഏഴു നിറമുള്ള മഴവില്ല് വിരിഞ്ഞു. അതോടൊപ്പം തേളുകളും ഗ്രാമം വിട്ട് എങ്ങോട്ടോ പോയി.

കഥ കേൾക്കാൻ നല്ല കൗതുകമുണ്ട് അല്ലേ? എന്നാൽ കേട്ടോളൂ, നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പു ജീവൻ വെടിഞ്ഞ ആ ലാമയുടെ ശരീരം ഇന്നും ഹിമാചലിലുണ്ട്. 'ഗോമ്പ' മലമുകളിലെ ഒരു ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ മമ്മിയുള്ളത്. ഇതു കാണാൻ വരുന്നവരെ ഗ്രാമവാസികൾ സന്തോഷത്തോടെ ആനയിക്കുകയും ഇവിടെയെത്തിക്കുകയും ചെയ്യും. ഹിമാലയത്തിന്റെ ചുവട്ടിൽ ഏതാനും പേർ മാത്രം താമസിക്കുന്ന മനോഹരമായ കുഞ്ഞുഗ്രാമമാണ് ഗ്യൂ. സാധാരണ ഗതിയിൽ ബുദ്ധ പാരമ്പര്യമനുസരിച്ച് മമ്മിയുണ്ടാക്കുന്ന ഒരു പതിവില്ല. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാംഗ ടെൻസിൻ എന്ന ലാമയുടെ ഭൗതിക ശരീരം അവർ മമ്മിയാക്കി സൂക്ഷിക്കുന്നതിന് പിന്നിലെ വികാരം ഇനിയും മനസിലായിട്ടില്ല.

മോഷണം പേടിച്ച്

കനത്ത സുരക്ഷ

കാൽമുട്ടുകൾ നിലത്ത് കുത്താതെ, കുത്തിയിരിക്കുന്ന നിലയിലാണ് ഈ മമ്മിയുള്ളത്. സൈന്യത്തിന്റെ ഖനനപ്രവർത്തനങ്ങൾക്കിടെ 1975 ൽ അവർക്ക് ഒരു ശരീരം കിട്ടി. അധികം പഴക്കമില്ലാത്തതായിരിക്കും അതെന്നാണ് അവർ ആദ്യം കരുതിയത്. തുടർന്നു നടത്തിയ കാർബൺ പരശോധനയിലാണ് ശരീരത്തിന് അറുനൂറോളം വർഷം പഴക്കമുണ്ടെന്ന് കണ്ടെത്തിയത്.

പട്ടുമേലങ്കിയാണ് ധരിച്ചിരിക്കുന്നത്. പല്ലിനും മുടിക്കുമൊന്നും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. മണ്ണിനടിയിൽ നിന്ന് ശരീരം പുറത്തെടുത്തപ്പോൾ രക്തവും കണ്ടിരുന്നത്രേ. അങ്ങനെയാണ് 'ജീവനുള്ള മമ്മി' എന്ന് ഇതിന് പേര് വന്നത്. ഇപ്പോൾ ഗ്യൂവിലെ ഒരു ഗോമ്പ അഥവാ ആശ്രമത്തിലാണ് ഈ മമ്മി സൂക്ഷിച്ചിരിക്കുന്നത്. മോഷണം പോകുമോ എന്നു പേടിയുള്ളതിനാൽ അതീവ സുരക്ഷയിലാണ് സംരക്ഷിച്ചുപോരുന്നത്.

സഞ്ചാരികൾ അൽപ്പം

കഷ്ടപ്പെടേണ്ടിവരും

ഇന്ത്യ - ചൈന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്യൂ ഗ്രാമത്തിന് സമുദ്രനിരപ്പിൽ നിന്ന് 10,499 അടി ഉയരമുണ്ട്. ഇവിടെ എത്തണമെങ്കിൽ ടാക്‌സി വിളിക്കണം. ദിവസവും ബസ്സൊന്നുമില്ല. സഞ്ചാരികൾക്കുള്ള താമസസൗകര്യവും ഇവിടെ കുറവാണ്. അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ഏതാനും ഹോം സ്റ്റേകൾ മാത്രമാണുള്ളത്. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.ഈ സമയത്ത് റോഡുകൾ നല്ലതായിരിക്കും. അധികം തണുപ്പും കാണില്ല.