air-india

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് എയർ ഇന്ത്യ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു. ആദ്യഘട്ടത്തിൽ ആറുമാസം മുതൽ അഞ്ചുവർഷം വരെ ശമ്പളമില്ലാത്ത അവധിയിൽ പോകാൻ ജീവനക്കാരോട് നിർദേശിച്ചേക്കും. ജീവനക്കാരുടെ വിവിധ ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കും. ഇക്കാര്യങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ പേഴ്‌സണൽ ജനറൽ മാനേജരെ കൺവീനറാക്കി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ആഗസ്‌റ്ര് 11ന് റിപ്പോർട്ട് സമർപ്പിക്കാണ് നിർദേശം.

കടുത്ത നടപടികൾ

 ജീവനക്കാരുടെ ബത്ത 20%-50% വരെ കുറയ്ക്കും

 വിമാനം പറത്തിയ സമയം അടിസ്ഥാനമാക്കി ഫ്ളൈയിംഗ് അലവൻസ്

 25,000 രൂപയിലധികം ശമ്പളമുള്ളവരുടെ പ്രതിമാസ ബത്ത 50% വരെ കുറയ്ക്കും

 കാബിൻ ക്രൂ അംഗങ്ങളുടെ അലവൻസ് 20% കുറച്ചു

 അടിസ്ഥാന ശമ്പളവും വീട്ടുവാടക ബത്തയും കുറയ്ക്കില്ല

സ്വകാര്യച്ചിറകിലേക്ക്

എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റൊഴിയാനുള്ള നടപടി കേന്ദ്രം തുടങ്ങിയിട്ടുണ്ട്. താത്പര്യപത്രം സമർപ്പിക്കാനുള്ള അന്തിമതീയതി ആഗസ്‌‌റ്ര് 31ലേക്ക് നീട്ടിയിട്ടുണ്ട്. മൂന്നാംവട്ടമാണ് തീയതി നീട്ടുന്നത്. കഴിഞ്ഞവർഷം മാർച്ച് 31 പ്രകാരമുള്ള കണക്കനുസരിച്ച് 60,​074 കോടി രൂപയാണ് എയർ ഇന്ത്യയുടെ കടബാദ്ധ്യത. സർക്കാരിന്റെ സാമ്പത്തിക സഹായത്താലാണ് ഇപ്പോൾ പ്രവർത്തനം. വാങ്ങാനാരും വന്നില്ലെങ്കിൽ പ്രവർത്തനം നിറുത്തേണ്ടിവരുമെന്ന് കേന്ദ്രം സൂചിപ്പിച്ചിട്ടുണ്ട്.