ഇന്നത്തെ ഹൈക്കോതി വിധി സുപ്രീംകോടതി ഉത്തരവിന് വിധേയം
അയോഗ്യതാ നടപടികൾക്ക് 27വരെ സ്‌റ്റേ
ന്യൂഡൽഹി: രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനും മറ്റ്18 വിമത എം.എൽ.എമാർക്കുമെതിരായ അയോഗ്യതാ നടപടികളിൽ ഇടപെടുന്നതിൽ നിന്ന് ഹൈക്കോടതിയെ വിലക്കണമെന്ന സ്പീക്കർ സി. പി. ജോഷിയുടെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. നിയമസഭയ്‌ക്ക് പുറത്ത് സ്‌പീക്കർക്കുള്ള അധികാരം സംബന്ധിച്ച് വ്യക്തത വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം ഹൈക്കോടതിയുടെ ഇന്നത്തെ വിധി സ്പീക്കറുടെ ഹർജിയിൽ സുപ്രീംകോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും ജസ്‌റ്റിസുമാരായ അരുൺ മിശ്ര, ബി.ആർ. ഗവായി, കൃഷ്‌ണ മുരാരി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
കേസ് വീണ്ടും പരിഗണിക്കുന്ന 27വരെ അയോഗ്യത നടപടികൾ സ്‌റ്റേ ചെയ്‌തു.
വിമതരെ അയോഗ്യരാക്കാനുള്ള നടപടികളിൽ ഹൈക്കോടതിക്ക് ഇടപെടാനാകില്ലെന്ന സ്‌പീക്കറുടെ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.
അയോഗ്യതാ ഭീഷണി മുഴക്കി ഒരു സാമാജികന്റെ വിയോജിപ്പിന്റെ ശബ്ദം അടിച്ചമർത്താൻ പറ്റുമോ എന്ന് ചോദിച്ച സുപ്രീംകോടതി, ജനാധിപത്യത്തിൽ വിയോജിപ്പുകളെ അടിച്ചമർത്തുന്നത് നല്ല കീഴ്‌വഴക്കമല്ലെന്ന് ചൂണ്ടിക്കാട്ടി.
പാർട്ടിവിരുദ്ധ പ്രസ്‌താവനയും നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാത്തതും പാർട്ടി അംഗത്വം സ്വയം നിരസിക്കുന്നുവെന്ന നിഗമനത്തിൽ ഭരണഘടനയുടെ പത്താം ഷെഡ്യൂൾ 2(1) എ പ്രകാരം അയോഗ്യത കൽപ്പിക്കാമെന്ന് സ്‌പീക്കറുടെ അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു.
പാർട്ടിയിൽ വിയോജിപ്പ് പ്രകടിപ്പിക്കാൻ അനുവാദമില്ലേ എന്നായിരുന്നു ജസ്‌റ്റിസ് അരുൺ മിശ്രയുടെ മറുചോദ്യം. അവരെ ജനങ്ങൾ തിരഞ്ഞെടുത്തതാണ്. സ്വന്തം പാർട്ടിയിൽ അഭിപ്രായം പറയാൻ അവകാശമില്ലേ. - ജസ്‌റ്റിസ് അരുൺ മിശ്ര ചോദിച്ചു.
വിയോജിപ്പ് പ്രകടിപ്പിക്കാൻ പാർട്ടി യോഗത്തിൽ പങ്കെടുക്കാമല്ലോ എന്നായിരുന്നു കപിൽ സിബലിന്റെ മറുപടി. പാർട്ടി യോഗത്തിൽ പങ്കെടുക്കാത്തത് എങ്ങനെ അയോഗ്യതയ്‌ക്ക് കാരണമാകുമെന്ന് കോടതി തിരിച്ചു ചോദിച്ചു.
കേസ് ജനാധിപത്യവുമായി ബന്ധപ്പെട്ട ഗൗരവമുള്ള ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. വ്യക്തത വരുത്താൻ 27ന് തിങ്കളാഴ്‌ച വാദം തുടരും. അതുവരെ അയോഗ്യതാ നടപടികൾ നിറുത്തിവയ്‌ക്കാൻ സ്‌പീക്കർക്ക് നിർദ്ദേശം നൽകിയ കോടതി, ഹൈക്കോടതി നടപടികൾ സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ചു. ഹൈക്കോടതിയിലെ കേസ് സുപ്രീംകോടതിയിലേക്ക് മാറ്റാൻ കപിൽ സിബൽ ശ്രമിച്ചെങ്കിലും നടന്നില്ല. വിമതർക്കായി ഹരീഷ് സാൽവെ ഹാജരായി.
ഗെലോട്ടിന്റെ സഹോദരന്റെ സ്ഥാപനത്തിൽ റെയ്ഡ്
രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സഹോദരനും വ്യവസായിയുമായ അഗ്രാസെയ്‌ൻ ഗെലോട്ടിന്റെ വസതിയിലും ഓഫീസിലും എൻഫോഴ്സ്‌മെന്റ് പരിശോധന നടത്തി. സബ്‌സിഡിയുള്ള രാസവളങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ ലംഘിച്ചെന്ന കേസിലാണ് റെയ്‌ഡ്. ഗെലോട്ടിന്റെ അനുയായികളായ വ്യവസായികളുടെ സ്ഥാപനങ്ങളിൽ നേരത്തേ ആദായ നികുതി വകുപ്പും റെയ്ഡ് നടത്തിയിരുന്നു.