army

ന്യൂഡൽഹി: ഇന്ത്യൻ സേനയിൽ വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മിഷൻ നൽകുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്രം. സേനയിലെ ലിംഗവിവേചനം അവസാനിപ്പിച്ചുകൊണ്ടുള്ള സുപ്രധാന സുപ്രീംകോടതി ഉത്തരവ് വന്ന് അഞ്ച് മാസത്തിനു ശേഷമാണിത്.

ഇന്ത്യൻ ആർമിയുടെ പത്ത് സ്ട്രീമുകളിലെയും ഷോർട്ട് സർവീസ് കമ്മിഷൻഡ് വനിതാ ഓഫീസർമാർക്ക് സ്ഥിരം നിയമനം അനുവദിക്കുന്നതാണ് വിജ്ഞാപനം.

ആർമി എഡ്യൂക്കേഷൻ കോർ, ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ഡിപ്പാർട്ട്‌മെന്റ് എന്നീ രണ്ടു വിഭാഗങ്ങളിൽ ഒഴികെ സ്ത്രീ ഓഫീസർമാരെ ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിലാണ് നിയമിച്ചിരുന്നത്.

സ്ത്രീ ഓഫീസർമാർക്ക് ആദ്യം അഞ്ചു വർഷവും പിന്നീട് 14 വർഷം വരെയും നീട്ടും. എന്നാൽ റാങ്കിലും സർവീസിലും മറ്റും പുരുഷന്മാർക്ക് കിട്ടിയിരുന്ന ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല. ഇതിനെതിരെ അഭിഭാഷകയായ ബബിതാ പുനിയയാണ് പൊതുതാത്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 2010ൽ അനുകൂല ഉത്തരവ് വന്നു.

ശാരീരികമായ പരിമിതികളും സാമൂഹ്യ ചുറ്റുപാടുകളും പരിഗണിക്കുമ്പോൾ സ്ത്രീകൾക്ക് തുല്യപദവി നല്കുക പ്രയാസമാണെന്ന് കാട്ടി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു. വിധി നടപ്പാക്കാതിരുന്നതിനോട് വിയോജിച്ച ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് വിധി മൂന്നു മാസത്തിനുള്ളിൽ നടപ്പാക്കണമെന്ന് ഫെബ്രുവരിയിൽ നിർദ്ദേശിച്ചു.

സ്ഥിരം കമ്മിഷൻ അനുവദിച്ച പത്ത് സ്ട്രീമുകൾ

ആർമി എഡ്യൂക്കേഷൻ കോർ, ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ഡിപ്പാർട്ട്‌മെന്റ്, ആർമി എയർ ഡിഫൻസ്, സിഗ്‌നൽ, എൻജിനിയേഴ്‌സ്, ആർമി ഏവിയേഷൻ, ഇലട്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ എൻജിനിയേഴ്‌സ്, ആർമി സർവീസ് കോർപ്‌സ്, ആർമി ഓർഡിനൻസ് കോർപ്‌സ്, ഇന്റലിജൻസ് കോർപ്‌സ്


മെഡിക്കൽ രംഗം ഒഴിച്ചാൽ ആർമിയിൽ 3.89 ശതമാനം, നേവിയിൽ 6.7 ശതമാനം, എയർ ഫോഴ്‌സിൽ 13.28 ശതമാനം എന്നിങ്ങനെയാണ് വനിതാ സാന്നിദ്ധ്യം.

സേനയിൽ സുപ്രധാന പങ്കുവഹിക്കാൻ വനിതാ ഉദ്യോഗസ്ഥരെ ശക്തിപ്പെടുത്തും

- സേനാ വക്താവ്