ന്യൂഡൽഹി: കേരളത്തിലെ ചവറ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ എട്ട് ഉപതിരഞ്ഞെടുപ്പുകൾ സെപ്‌തംബർ ഏഴ് വരെ നീട്ടി.

സി.പി.എം സ്വതന്ത്രാംഗം എൻ വിജയൻപിള്ളയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന ചവറ നിയമസഭാ സീറ്റ് കൂടാതെ ,ബീഹാറിലെ വാൽമീകിനഗർ പാർലമെന്റ് മണ്ഡലം, നിയമസഭാ മണ്ഡലങ്ങളായ സിബ്സാഗർ(ആസം), തിരുവൊട്ടിയൂർ, ഗുഡിയാട്ടം(തമിഴ്നാട്), ആഗർ(മധ്യപ്രദേശ്), ബുലന്ദ്ഷർ, തുണ്ട്‌ല(യു.പി) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നീട്ടിവച്ചത്. കൊവിഡ് മഹാമാരിയും ബീഹാറിലെയും അസാമിലെയും വെള്ളപ്പൊക്കവുമാണ് കാരണം.

കേരളത്തിൽ തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് കുട്ടനാട് സീറ്റും ഒഴിഞ്ഞു കിടക്കുകയാണ്. ഇതടക്കം രാജ്യത്ത് ആകെ 57 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ കാര്യം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇന്ന് ചേരുന്ന യോഗം ചർച്ച ചെയ്യും.