rafale

ന്യൂഡൽഹി: ഈമാസം അവസാനത്തോടെ ഇന്ത്യയിലെത്തുന്ന റാഫേൽ യുദ്ധവിമാനത്തിൽ ഘടിപ്പിക്കാൻ ഫ്രാൻസിൽ നിന്ന് ഹാമർ മിസൈലുകളും വാങ്ങാനൊരുങ്ങി ഇന്ത്യ. അടിയന്തര ഘട്ടങ്ങളിൽ ആയുധങ്ങൾ വാങ്ങാൻ സേനകൾക്ക് നൽകിയ അധികാരം ഉപയോഗിച്ചാണിത്. ആകാശത്ത് നിന്ന് കരയിലെ ലക്ഷ്യത്തിലേക്ക് തൊടുക്കാവുന്ന ഹാമർ മിസൈലുകളുടെ പ്രഹര പരിധി 60-70 കിലോമീറ്ററാണ്. അടിയന്തര പ്രാധാന്യത്തോടെ മിസൈലുകൾ കൈമാറാമെന്ന് ഫ്രാൻസ് സമ്മതിച്ചിട്ടുണ്ട്.

ഹൈലി അജൈൽ മോഡുലാർ മുണീഷൻ എക്‌സ്‌റ്റഡൻഡ് റേഞ്ച് എന്നതിന്റെ ചുരുക്കപ്പേരായ ഹാമർ ഫ്രഞ്ച് വ്യോമസേനയ്‌ക്കും നാവികസേനയ്‌ക്കും വേണ്ടി നിർമ്മിച്ചതാണ്. പ്രഹരശേഷി കൂടുതലായതിനാൽ ഹാമർ പതിച്ചാൽ ശത്രുക്കളുടെ ബങ്കറുകൾ അടക്കം കട്ടിയുള്ള വസ്‌തുക്കൾ പോലും തവിടു പൊടിയാകും.

ഇന്ത്യയിലെത്തുന്ന റാഫേൽ വിമാനത്തിൽ മീറ്റിയോർ ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ ടു എയർ മിസൈലും ആകാശത്ത് നിന്നു കരയിലെ ലക്ഷ്യത്തിലേക്ക് തൊടുക്കുന്ന സ്‌കാൽപ് എയർ ടു ഗ്രൗണ്ട് ക്രൂസ് മിസൈലുകളും ഘടിപ്പിക്കുന്നുണ്ട്.

 റാഫേലിന് ആർബി സീരീസ്

ഈമാസം ഒടുവിലെത്തുന്ന അഞ്ച് റാഫേൽ യുദ്ധവിമാനങ്ങളുടെ നമ്പരിന് ഒരു പ്രത്യേകതയുണ്ട്. ആർബി സീരീസിലാണ് നമ്പരുണ്ടാകുക. വ്യോമസേനാ ഉപമേധാവിയായിരിക്കെ 36 റാഫേൽ വിമാനങ്ങളുടെ ഇടപാട് യാഥാർത്ഥ്യമാക്കാൻ നിർണായക പങ്കുവഹിച്ച ഇപ്പോഴത്തെ വ്യോമസേനാമേധാവി എയർചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയയ്‌ക്കുള്ള അംഗീകാരമാണിത്. ഫ്രാൻസിലും ഇന്ത്യയിലുമായി നടന്ന ഉന്നതതല ചർച്ചകളിൽ അദ്ദേഹമുണ്ടായിരുന്നു.

കരാറിന്റെ ഭാഗമായി ആദ്യം കൈമാറുന്ന അഞ്ച് വിമാനങ്ങൾ ജൂലായ് 29ന് എത്തുമെന്നാണ് സൂചന.