ന്യൂഡൽഹി: പുതിയ രാജ്യസഭാ അംഗങ്ങളെ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു പാർലമെന്റിന്റെ വിവിധ സ‌്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് നോമിനേറ്റ് ചെയ്‌തു. രാജസ്ഥാനിൽ നിന്ന് ജയിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഗതാഗത സ്റ്റാൻഡിംഗ് കമ്മിറ്റിയിലാണ് ഉൾപ്പെടുത്തിയത്. ബി.ജെ.പി ടിക്കറ്റിൽ ജയിച്ച മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ മാനവവിഭവ ശേഷി, മുതിർന്ന കോൺഗ്രസ് നേതാക്കളായ ദിഗ്‌വിജയ് സിംഗിനെ നഗരവികസനം, മല്ലികാർജ്ജുന ഖാർഗെയെ വാണിജ്യം, എൻ.സി.പി നേതാവ് ശരത് പവാറിനെ പ്രതിരോധം, എ. ഡി.എം.കെ നേതാവ് തമ്പി ദുരൈയെ മാനവ വിഭവ ശേഷി, മുൻ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശിനെ കൃഷി,​ സത്യപ്രതിജ്ഞ ചെയ്യാനുള്ള ജെ.ഡി.എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയെ റെയിൽവെ, ഡി.എം.കെയുടെ തിരുച്ചി ശിവയെ ഗതാഗതം, തൃണമൂലിന്റെ ദിനേഷ് ത്രിവേദിയെ ആഭ്യന്തരം എന്നീ സ്‌റ്റാൻഡിംഗ് കമ്മിറ്റികളിലും നിയോഗിച്ചു.