ന്യൂഡൽഹി: അതിർത്തി തർക്കം പരിഹരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറി തല ചർച്ച ഇന്ന് നടക്കും. ചൈന പാംഗോംഗ് തടാകക്കരയിലും ഗോഗ്രയിലുമുള്ള സൈനികരെ പിൻവലിക്കാത്തതിനാൽ കമാൻഡർ തല ചർച്ചയ്‌ക്ക് ശേഷവും രണ്ടാം ഘട്ട സൈനിക പിൻമാറ്റം തുടങ്ങാനായിട്ടില്ല.
ജൂലായ് പത്തിന് നടന്ന ചർച്ചയുടെ തുടർച്ചയായാണ് ഇന്ത്യാ-ചൈന അതിർത്തികാര്യ ഉപദേശക, ഏകോപന പ്രവർത്തന സമിതിയുടെ ഭാഗമായി ഇന്ന് പ്രതിനിധികൾ വീണ്ടും കാണുന്നത്.
ഒന്നാം ഘട്ട സൈനിക പിന്മാറ്റം നടന്നതിന് ശേഷമായിരുന്നു അന്നത്തെ കൂടിക്കാഴ്‌ച. പക്ഷേ അതിനു ശേഷം കമാൻഡർ തലത്തിൽ നാലാം ഘട്ട ചർച്ച നടന്നെങ്കിലും സൈന്യങ്ങളെ പിൻവലിച്ചിട്ടില്ല. പാംഗോഗ് തടാകത്തിന് വടക്കുള്ള ഫിംഗർ അഞ്ച് മേഖലകളിലും ഗോഗ്ര മേഖലയിലും കനത്ത തോതിൽ തുടരുന്ന സൈനിക വിന്യാസം കുറയ്‌ക്കാൻ ചൈന തയ്യാറാവാത്തതാണ് പ്രശ്‌നം.