slims

ആളുകളും വസ്തുക്കളുമൊക്കെ കാണാതാകുന്നതിനെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ട്. പക്ഷേ ഒരു നദിയെ തന്നെ കാണാതായാലോ? അതും കിലോമീറ്ററുകളോളം നീളംവരുന്ന, കുതിച്ചൊഴുകിയിരുന്ന നദി? കാനഡയിലാണ് അതിവിചിത്രമായ സംഭവം നടന്നത്. കാനഡയിലെ വടക്കുപടിഞ്ഞാറൻ പ്രദേശമായ യുക്കോണിലൂടെ കഴിഞ്ഞ 300 വർഷമായി ഒഴുകിക്കൊണ്ടിരുന്ന സ്ലിംസ് നദിയാണ് പെട്ടെന്ന് ഒരുദിവസം അപ്രത്യക്ഷമായത്.

2017ന്റെ ആരംഭത്തിൽ സ്ലിംസ് നദീതടത്തിൽ പര്യവേഷണത്തിനായി എത്തിയ ടക്കോമ സർവകലാശാലയിലെ ജിയോളജിസ്റ്റുകളുടെ ഒരു സംഘമാണ് നദി അപ്രത്യക്ഷമായ വിവരം പുറംലോകത്തെ അറിയിച്ചത്. ജിയോളജിസ്റ്റുകൾ സ്ലിംസിന്റെ തീരത്ത് എത്തിയപ്പോൾ നദിയിൽ ഒരു തുള്ളി വെള്ളംപോലും ഉണ്ടായിരുന്നില്ല. സാധാരണഗതയിൽ ഒരു നദി ഇല്ലാതാവുകയാണെങ്കിൽ തന്നെ അതു കാലക്രമേണയേ സാദ്ധ്യമാകുകയുള്ളൂ.

എന്നാൽ,​ 1,575 അടി വീതിയിൽ ശക്തമായി ഒഴുകിയിരുന്ന സ്ലിംസ് ഇല്ലാതായത് വെറും നാലു ദിവസംകൊണ്ടാണ്. സ്ലിംസ് എവിടെപ്പോയി? തുടർന്നുനടത്തിയ അന്വേഷണത്തിൽ സ്ലിംസിന്റെ പ്രഭവഭാഗത്തു ചെറിയൊരു തടാകം മാത്രമാണ് ജിയോളജിസ്റ്റുകൾക്ക് കണ്ടെത്താൻ കഴിഞ്ഞത്. വൈകാതെതന്നെ അവർ നദിയുടെ തിരോധാനത്തെപ്പറ്റി പഠനവും ആരംഭിച്ചു. പ്രശ്നത്തിന്റെ ഉറവിടം കണ്ടെത്താനായി അവർ ഹെലികോപ്റ്ററിൽ പ്രദേശമാകെ ചുറ്റി സഞ്ചരിച്ചു.

നിരവധി നൂറ്റാണ്ടുകളായി, സ്ലിംസ് നദിയെ പരിപോഷിപ്പിച്ചുപോന്നത് കസ്‌കാവുൾഷ് എന്ന ഭീമൻ മഞ്ഞുമലയാണ്. എന്നാൽ, വർധിച്ചുവരുന്ന ആഗോളതാപനം കാരണം കസ്‌കാവുൾഷ് ചുരുങ്ങുകയും മറ്റൊരു ദിശയിലേക്ക് മഞ്ഞുമലയുടെ ഉള്ളിലൂടെ ദ്വാരം ഉണ്ടാകുകയും ചെയ്തു.

സ്ലിംസ് നദിയിലൂടെ ഒഴുകിയിരുന്ന വെള്ളം ഈ വലിയ ദ്വാരത്തിലൂടെ കസ്‌കാവുൾഷ് നദിയിലേക്ക് ഒഴുകിയതായും കണ്ടെത്തി. 'റിവർ പൈറസി' അല്ലെങ്കിൽ 'സ്ട്രീം ക്യാപ്ചർ' എന്നറിയപ്പെടുന്ന ഈ പ്രതിഭാസമാണ് സ്ലിംസ് നദിയുടെ അന്ത്യത്തിനു കാരണമായത്.

ചരിത്രത്തിൽ ഇതുവരെ കേട്ടിട്ടില്ലാത്ത കാര്യമാണ് സ്ലിംസിന്റെ കാര്യത്തിൽ സംഭവിച്ചതെന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഒരു നദിയിൽ നിന്നുള്ള വെള്ളം തൊട്ടടുത്ത നദിയുടെ ജലപാതയിലേക്ക് ഒഴുകുന്ന പ്രക്രീയയാണ് ഇവിടെ സംഭവിച്ചത്.

ടെക്റ്റോണിക് ചലനങ്ങൾ, മണ്ണൊലിപ്പ്, മണ്ണിടിച്ചിൽ, മഞ്ഞുമലയുടെ തകർച്ച തുടങ്ങിയവ കാരണം ഇത്തരം പ്രതിഭാസങ്ങൾ സംഭവിക്കാം. എന്നാൽ,​ ഇതിന് നൂറ് മുതൽ ആയിരം വർഷങ്ങൾ വരെ സമയമെടുക്കും. പക്ഷേ സ്ലിംസിന്റെ കാര്യത്തിൽ അതു വെറും നാലു ദിവസംകൊണ്ടാണ് സംഭവിച്ചത്. ഭൗമശാസ്ത്രജ്ഞന്മാരുടെ കണക്കുകൾ പ്രകാരം 2016 മേയ് 26 മുതൽ 29 വരെയുള്ള ദിവസങ്ങളിലാണ് സ്ലിംസ് നദി അന്ത്യശ്വാസം വലിച്ചത്.

കാലാവസ്ഥാമാറ്റം ഭൂമിയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനിയും ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് ഭൗമശാസ്ത്രജ്ഞൻമാർ വിലയിരുത്തുന്നത്.

കാനഡയുടെ ഉൾപ്രദേശത്താണ് ഇത് സംഭവിച്ചത് എന്നുള്ളതുകൊണ്ട് തന്നെ മനുഷ്യർക്ക് കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടായില്ല. പക്ഷേ സ്ലിംസ് നദിയെ ചുറ്റിപ്പറ്റിയുള്ള ആവാസവ്യവസ്ഥ പൂർണമായി തകർന്നു. അതുപോലെ കസ്‌കാവുൾഷ് നദിയിലേക്ക് അമിതമായി വെള്ളമെത്തിയതിനാൽ അവിടെയും മാറ്റങ്ങൾ സംഭവിച്ചു.

കാലാവസ്ഥാ വ്യതിയാനം കാരണം സ്ലിംസ് നദിക്കുണ്ടായ ദുർവിധി കൂറ്റൻ മഞ്ഞുപർവതങ്ങളിൽ നിന്ന് ഉത് ഭവിക്കുന്ന മറ്റു നദികൾക്കും സംഭവിക്കാമെന്ന് ശാസ്ത്രജ്ഞൻമാർ മുന്നറിയിപ്പ് നൽകുന്നു.