അയോദ്ധ്യ: രാമക്ഷേത്ര നിർമ്മാണത്തിനുള്ള ഭൂമിപൂജയ്ക്ക് നാലു ദിവസം മാത്രം ശേഷിക്കെ, ക്ഷേത്രത്തിന്റെ ചിത്രത്തൂണുകൾ നിർമ്മിക്കുന്ന കർസേവകപുരത്തെ കാര്യശാലകളിൽ പണിത്തിരക്കേറി. നവംബറിലെ സുപ്രീംകോടതിയുടെ അനുകൂല വിധിക്കു ശേഷം സജീവമായിരുന്നെങ്കിലും ലോക്ക് ഡൗൺ കാരണം ഇടയ്‌ക്ക് വേഗം കുറഞ്ഞിരുന്ന ജോലികളാണ് ഇപ്പോൾ രാപകലില്ലാതെ തിരക്കിട്ടു തീർക്കുന്നത്. ആഗസ്റ്റ് അഞ്ചിനാണ്, പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നു കരുതുന്ന ഭൂമിപൂജ.
വർഷങ്ങളായി വെയിലത്തും മഴയത്തും കിടന്ന് പൊടി മൂടിയും പായൽ പിടിച്ചും നിറം മങ്ങിയ തൂണുകൾ വൃത്തിയാക്കി സ്വാഭാവികനിറം വരുത്തുന്ന ജോലികളാണ് ഇപ്പോൾ. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയപ്പോൾ പതനഞ്ചംഗ വിദഗ്‌ദ്ധ സംഘത്തെ കർസേവകപുരത്ത് എത്തിച്ചിരുന്നു. രാസപദാർത്ഥങ്ങങ്ങൾ ഉപയോഗിച്ചാണ് ഭീമൻ കൽത്തൂണുകളുടെ വൃത്തിയാക്കൽ. അതിനു തന്നെ നാലു മാസമെങ്കിലും വേണം.
ക്ഷേത്രനിർമ്മാണത്തിനുള്ള സ്ഥലത്തു നിന്ന് രണ്ടു കിലോമീറ്റർ അകലമേയുള്ളൂ കർസേവകപുരത്തെ കാര്യശാലയിലേക്ക്. 1990 കളിൽ രാമജന്മഭൂമി പ്രക്ഷോഭം തുടങ്ങിയ സമയത്ത് രാമജന്മഭൂമി ന്യാസിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ് കാര്യശാല. അന്നു മുതൽ, രാജസ്ഥാനിൽ നിന്ന് എത്തിച്ച വലിയ കരിങ്കൽത്തൂണുകളിൽ ദൈവികരൂപങ്ങൾ കൊത്തി ക്ഷേത്രത്തൂണുകളാക്കുന്ന ജോലിയിലാണ് നൂറുകണക്കിന് ശില്പികൾ.
ആദ്യ നിലയുടെ
തൂണുകൾ റെഡി
ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം പതിനാറ് ദേവതാരൂപങ്ങൾ കൊത്തിയ തൂണുകളാണ്. താഴത്തെ നിലയുടെ നിർമ്മാണത്തിനായി, മൂന്നടി മുതൽ 17 അടിവരെ ഉയരമുള്ള നൂറിലധികം തൂണുകൾ തയ്യാറായിട്ടുണ്ട്. 1988ൽ തയ്യാറാക്കിയ പ്ളാൻ അനുസരിച്ച് രണ്ടു നിലകളിലായി 212 തൂണുകളാണ് ഉണ്ടായിരുന്നത്. ആ പ്ളാനിൽ മാറ്റം വരുത്തി, കൂടുതൽ പേർക്ക് ദർശന സൗകര്യമൊരുക്കുന്നതിനായി ക്ഷേത്രം മൂന്നു നിലകളാക്കി. തൂണുകളുടെ എണ്ണം 318 ആയി.
നേരത്തെ ക്ഷേത്രത്തിന് 141 അടി ഉയരമാണ് നിശ്ചയിച്ചിരുന്നതെങ്കിൽ പിന്നീട് അത് 161 ആയി. പഴയ പ്ളാനിലെ മൂന്ന് കുംഭഗോപുരങ്ങൾക്കു പകരം അഞ്ചെണ്ണം. രണ്ടു മണ്ഡപങ്ങൾകൂടി പുതുതായി ചേർത്തു. ആദ്യ നിലയിലെ ശ്രീകോവിലിൽ രാം ലല്ലയുടെ (ബാലനായ രാമൻ) മുഖ്യപ്രതിഷ്‌ഠ. രണ്ടാം നിലയിൽ രാമന്റെ ഡർബാറും രാമൻ, സീത, ലക്ഷ്‌മണൻ, ഹനുമാൻ എന്നിവരുടെ പ്രതിഷ്‌ഠകളും.
സിമന്റും കമ്പിയും
തൊടാത്ത വിദ്യ
ചന്ദ്രകാന്ത് സോംപുര ആണ് രാമക്ഷേത്രത്തിന്റെ മുഖ്യ വാസ്‌തുശില്പി. മകൻ നിഖിൽ സോംപുരയുമുണ്ട് ഒപ്പം.
ക്ഷേത്രനിർമ്മിതിയുടെ പ്ളാനിൽ മാറ്റം വന്നപ്പോൾ ശില്പികൾക്കിടയിൽ അല്പം ആശയക്കുഴപ്പമുണ്ടായെങ്കിലും, ഇതിനകം കൊത്തിവച്ച തൂണുകൾ അതേപടി ഉപയോഗിക്കാനാകുമെന്ന് ചന്ദ്രകാന്ത് സോംപുര പറഞ്ഞു. സിമന്റും കമ്പിയും ഉപയോഗിച്ചല്ലാതെ തന്നെ തൂണുകൾ കൂട്ടിയോജിപ്പിച്ചുള്ള പരമ്പരാഗത നഗാര വാസ്‌തുശൈലിയിലാണ് ക്ഷേത്രനിർമ്മിതി. പണി പൂർത്തിയായ തൂണുകൾ വേഗത്തിൽ കൂട്ടിയോജിപ്പിക്കാനാകുമെന്ന് ശില്പികൾ പറയുന്നു. ഭാരമേറിയ തൂണുകൾ ക്ഷേത്ര നിർമ്മാണ സ്ഥലത്ത് എത്തിക്കാൻ തന്നെ ആറു മാസത്തിലധികം വേണ്ടിവരും.