as

ന്യൂഡൽഹി: കൊവിഡ് വാക്‌സിനായി ശാസ്ത്രലോകം രാപകലില്ലാതെ പരിശ്രമിക്കുമ്പോൾ, മഹാമാരിയെ തുരത്താൻ 'കഴിവുള്ള' പപ്പടം അവതരിപ്പിച്ച് കേന്ദ്ര ജലവിഭവ, പാർലമെന്ററികാര്യ സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പരിഹാസ്യനായി.

രാജസ്ഥാനിലെ ബിക്കാനിറിൽ നിന്നുള്ള പാർലമെന്റ് പ്രതിനിധിയാണ് മേഘ്‌വാൾ. തന്റെ നാട്ടുകാരൻ തയ്യാറാക്കുന്ന 'ഭാഭിജി പപ്പടം' കൊവിഡ് പ്രതിരോധിക്കാനുള്ള ആന്റിബോഡികൾ ഉത്പാദിപ്പിക്കുമെന്നാണ് പപ്പടം വിപണിയിലിറക്കിക്കൊണ്ടുള്ള വീഡിയോയിൽ ഒരുളുപ്പുമില്ലാതെ മേഘ്‌വാൾ തട്ടിവിടുന്നത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

'കൊറോണ വൈറസിനെ തുരത്താൻ ഈ പപ്പടം വളരെ സഹായകമായിരിക്കും' എന്നു പറഞ്ഞാണ് മന്ത്രി ഗുണഗണങ്ങൾ വിവരിച്ചു തുടങ്ങുന്നത്. കൊവിഡിൽ തളർന്ന രാജ്യത്തെ സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് അഭിയാനിൽ ഉൾപ്പെടുത്തിയാണ് പപ്പടത്തിന്റെ നിർമാണമെന്നും പറഞ്ഞു.

സാമൂഹ്യമാദ്ധ്യമങ്ങളിൽ ട്രോളന്മാർക്ക് പൊങ്കാലയിടാൻ പിന്നെന്തു വേണം. കൊവിഡ് വാക്സിനായി ബ്രിട്ടനും അമേരിക്കയുമൊക്കെ കോടികൾ ചെലവാക്കി പരീക്ഷണം നടത്തുന്നതു വെറുതേ. ഇന്ത്യക്കാർ ഞങ്ങളിതാ വെറും പപ്പടം കഴിച്ച് കൊവിഡിനെ തുരത്താൻ പോകുന്നു എന്നായിരുന്നു ഒരു കമന്റ്. 'എല്ലാവരും പപ്പടം കഴിച്ചോളൂ. കൊവിഡ് ബാധിക്കില്ലെന്നാണ് ബി.ജെ.പി മന്ത്രി പറയുന്നത്'- അഭിനേത്രിയും കോൺഗ്രസ് നേതാവുമായ നഗ്മയുടെ ട്വീറ്റ് ഇങ്ങനെ.

മാർച്ചിൽ, കൊവിഡ് വ്യാപനം ഇന്ത്യയിൽ തുടങ്ങിയ വേളയിൽ ഗോമൂത്രം കുടിച്ചാൽ രോഗം ബാധിക്കില്ലെന്നു പറഞ്ഞ് ചില സംഘടനകൾ രംഗത്തെത്തിയിരുന്നു.