aiims

ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ ( കൊവാക്സിൻ )​ മനുഷ്യരിലെ പരീക്ഷണത്തിന്റെ ഒന്നാം ഘട്ടം ഡൽഹി എയിംസിലും തുടങ്ങി.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഡൽഹി സ്വദേശിയായ 30കാരനാണ് ആദ്യ ഡോസ് കുത്തിവച്ചത്. പാർശ്വഫലങ്ങളൊന്നും ഉടൻ പ്രകടമായില്ല. അര മില്ലി ലിറ്റർ വാക്‌സിൻ ആണ് കുത്തിവച്ചത്. രണ്ടാഴ്ച നിരീക്ഷിച്ച് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ രണ്ടാമത്തെ ഡോസ് കുത്തിവയ്‌ക്കും. ഇക്കാലയളവിൽ സ്വയം നിരീക്ഷിച്ച് വിവരങ്ങൾ രേഖപ്പെടുത്താൻ ഇയാൾക്ക് ഒരു ഡയറിയും നൽകി. എല്ലാദിവസവും ആശുപത്രി അധികൃതർ ഇയാളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആരായുമെന്നും വാക്സിൻ പരീക്ഷണത്തിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ‌ഡോ.സഞ്ജയ് റായി അറിയിച്ചു.

ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുടെയും സഹകരണത്തോടെ ഹൈദരാബാദിലെ ഭാരത്ബയോടെക് ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് കൊവാക്സിൻ വികസിപ്പിച്ചത്.

3500ലധികം പേരാണ് വാക്‌സിൻ പരീക്ഷണത്തിന് തയാറായി എയിംസിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 22 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ കുറെപേർക്ക് ഇന്ന് ആദ്യ ഡോസ് കുത്തിവയ്‌ക്കും.

ഇന്ത്യയിൽ ഡൽഹിയിലെയും പാറ്റ്നയിലെയും എയിംസ് ഉൾപ്പെടെ പന്ത്രണ്ട് ആശുപത്രികളിലാണ് ക്ലിനിക്കൽ ട്രയൽ നടക്കുന്നത്. ഹരിയാനയിലെ റോട്ടക്കിലെ ആശുപത്രിയിൽ കഴിഞ്ഞയാഴ്ച രാജ്യത്താദ്യമായി മുനുഷ്യരിലെ പരീക്ഷണം ആരംഭിച്ചിരുന്നു.

ഒന്നാംഘട്ടം

 മൊത്തം 18 - 55 വയസുള്ള 375 വോളന്റിയർമാരിലാണ് വാക്സിൻ പരീക്ഷിക്കുന്നത്. ഇതിൽ നൂറ് പേരും ഡൽഹി എയിംസിലായിരിക്കും. സ്ത്രീകളെയും ഉൾപ്പെടുത്തും. വാക്സിൻ മനുഷ്യരിൽ സുരക്ഷിതമാണോ എന്നാണ് ഈ ഘട്ടത്തിൽ പരിശോധിക്കുന്നത്.

രണ്ടാം ഘട്ടം

12 -65 വയസുള്ള 750 വോളന്റിയർമാരിൽ പരീക്ഷിക്കും.മനുഷ്യ ശരീരത്തിൽ കൊറോണ വൈറസിനെതിരായ ആന്റിബോഡി,​ ടി - സെല്ലുകൾ എന്നിവ ഉണ്ടാകുന്നത് പരിശോധിക്കും