ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 740 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് മരണങ്ങളിൽ ആഗോളതലത്തിൽ ഇന്ത്യ ആറാംസ്ഥാനത്തെത്തി. 31,000 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. യു.എസ്.എ, ബ്രസീൽ, ബ്രിട്ടൻ, മെക്‌സികോ, ഇറ്റലി എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടെ 49,310 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 49,000 എത്തുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു.
രോഗമുക്തിയിലും കുതിപ്പ്
തുടർച്ചയായ മൂന്നാംദിനവും രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന. 24 മണിക്കൂറിനിടെ 34,602 പേർ രോഗമുക്തരായി. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ആകെ രോഗമുക്തരുടെ എണ്ണം എട്ടുലക്ഷം കടന്നു. രോഗമുക്തി നിരക്ക് 63.45 ശതമാനം.
ആന്ധ്രയിൽ അതിവേഗം, 8000 പുതിയ രോഗികൾ
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആന്ധ്രയിലാണ് പ്രതിദിന രോഗികളുടെ എറ്റവും കൂടുതൽ. ഇന്നലെ 8147 പുതിയ രോഗികളും 49 മരണവും സംസ്ഥാനത്തുണ്ടായി. ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 8000 കടക്കുന്നത്. ആകെ കേസുകൾ 80,000 കടന്നു. തമിഴ്‌നാട്ടിൽ ഇന്നലെ 6785 പുതിയ രോഗികളും 88 മരണവുമുണ്ടായി. ആകെ കേസുകൾ ഒരു ലക്ഷത്തോടടുത്തു. കർണാടകയിൽ പ്രതിദിന രോഗികളുടെ 5000 ഉം ആകെ കേസുകൾ 85000 ഉം കടന്നു. കൊവിഡ് വൈറസ് സമൂഹത്തിലേക്ക് വ്യാപിച്ചെന്ന് തെലങ്കാന പൊതുജനരോഗ്യവിഭാഗം ഡയറക്ടർ ജി.ശ്രീനിവാസ റാവു വ്യക്തമാക്കി. അടുത്ത അഞ്ചാഴ്ച വരെ അതിജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.