ന്യൂഡൽഹി: സ്‌പീക്കറുടെ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതിക്ക് പിന്നാലെ രാജസ്ഥാൻ ഹൈക്കോടതിയിലും ഗെലോട്ട് പക്ഷത്തിന് തിരിച്ചടി. സച്ചിൻ പൈലറ്റിനും 18 വിമത എം.എൽ.എമാർക്കും എതിരായ അയോഗ്യതാ നടപടികൾ മരവിപ്പിച്ച് തത്‌സ്ഥിതി നിലനിറുത്താൻ ഹൈക്കോടതി ഉത്തരവിട്ടു. നിയമപോരാട്ടം തിങ്കളാഴ്‌ച വീണ്ടും സുപ്രീംകോടതിയിൽ തുടരും. അതിനിടെ സഭയിൽ വിശ്വാസം തെളിയിക്കാൻ ഉടൻ നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെലോട്ടും എം.എൽ.എമാരും രാജ്‌ഭവന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
അയോഗ്യതാ നടപടികളുടെ ഭരണഘടനാ സാധുതയും സ്‌പീക്കറുടെ അധികാരങ്ങളും ചോദ്യം ചെയ്യുന്ന ഹർജിയിൽ തുടർവാദം ആവശ്യമാണെന്ന് ചീഫ് ജസ്‌റ്റിസ് ഇന്ദ്രജിത് മൊഹന്തിയും ജസ്‌റ്റിസ് പ്രകാശ് ഗുപ്‌തയും അടങ്ങിയ ഹൈക്കോടതി ബെഞ്ച് വിധിച്ചു. സച്ചിനും വിമത എം.എൽ.എമാർക്കും നൽകിയ നോട്ടീസ് പ്രകാരം നടപടിയെടുക്കുന്നത് അതുവരെ നിറുത്തിവയ്‌ക്കാനും വിധിയിൽ നിർദ്ദേശിച്ചു. സച്ചിൻ പക്ഷത്തിന്റെ അഭ്യർത്ഥന പ്രകാരം കേന്ദ്രസർക്കാരിനെ കേസിൽ കക്ഷിയാക്കാനും കോടതി അനുവദിച്ചു.
ഹൈക്കോടതി വിധി സുപ്രീംകോടതിയിലെ കേസിന്മേലുള്ള തീർപ്പിന് വിധേയമാകുമെന്ന് കഴിഞ്ഞ ദിവസം അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. സ്‌പീക്കർ നൽകിയ ഹർജിയിൽ തിങ്കളാഴ്ച വാദം തുടരും.
ഗവർണർക്കെതിരെ ഗെലോട്ട്
തിങ്കളാഴ്‌ച നിയമസഭ ചേരണമെന്ന ആവശ്യം ഗവർണർ കൽരാജ് മിശ്ര തള്ളിയതോടെയാണ് രാജ്ഭവന് മുന്നിൽ ഗെലോട്ട് പക്ഷം പ്രതിഷേധം തുടങ്ങിയത്. ചില എം.എൽ.എമാർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നും ഇപ്പോൾ സമ്മേളനം വിളിക്കാനാകില്ലെന്നും മുഖ്യമന്ത്രിയെ ഗവർണർ അറിയിച്ചിരുന്നു. എന്നാൽ എം.എൽ.എമാരിൽ ആർക്കും കൊവിഡ് ഇല്ലെന്നും കേന്ദ്രത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഗവർണർ നിയമസഭാ സമ്മേളനം വിളിക്കാത്തതെന്നും ഗെലോട്ട് പറഞ്ഞു. ഇതിനെതിരെ കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. ഗെലോട്ടിന്റെ ആരോപണങ്ങൾ തള്ളിയ ഗവർണർ വേണ്ട സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കി.