ന്യൂഡൽഹി: കൊവിഡ് കാലത്തെ പട്ടിണി അകറ്റാൻ കഷ്ടപ്പെടുന്ന 14കാരനുനേരെ പൊലീസിന്റെ ക്രൂരത. 100 രൂപ കൈക്കൂലി നൽകാത്തതിന് മദ്ധ്യപ്രദേശിലെ ഇൻഡോറിൽ മുട്ട വില്പന നടത്തിയ 14കാരന്റെ ഉന്തുവണ്ടി പൊലീസുകാരൻ തള്ളി മറിച്ചിട്ടു . റോഡിൽ നിന്ന് ഉന്തുവണ്ടി മാറ്റണമെന്നും അല്ലെങ്കിൽ 100 രൂപ കൈക്കൂലി തരണമെന്നുമായിരുന്നു പൊലീസുകാരന്റെ ആവശ്യം. ബാലൻ വിസമ്മതിച്ചതോടെ പൊലീസ് വണ്ടി മറിച്ചിട്ടു. റോഡിലാകെ മുട്ടകൾ വീണ് പൊട്ടിച്ചിതറി. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇൻഡോറിലെ പ്രാദേശിക ഭരണകൂടത്തിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
നേരത്തെ, കൊവിഡ് വ്യാപനം നേരിടാനായി ഇൻഡോർ ഭരണകൂടം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. റോഡിന് ഇടത് - വലത് ഭാഗത്തെ കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാനായിരുന്നു നിർദ്ദേശം. പ്രാദേശിക ബി.ജെ.പി നേതൃത്വം ഇതിനെതിരെ രംഗത്തെത്തിയിരുന്നു.