ന്യൂഡൽഹി: ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആറ് മാസം കൂടി സമയം അനുവദിച്ച് സുപ്രീംകോടതി. കൊവിഡ് സാഹചര്യത്തിൽ കൂടുതൽ സമയം വേണമെന്ന മൂന്നംഗ സമിതിയുടെ ആവശ്യം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. മൂന്ന് അംഗങ്ങളും വിവിധ നഗരങ്ങളിലാണ് താമസിക്കുന്നതെന്നും ഹൈദരാബാദിൽ എത്താൻ കഴിയുന്നില്ലെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസംബറിലാണ് വനിതാ മൃഗഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തി കത്തിച്ച കേസിലെ നാല് പ്രതികളെ തെലങ്കാന പൊലീസ് വെടിവച്ചു കൊന്നത്. ഇക്കാര്യം അന്വേഷിക്കാൻ ജസ്റ്റിസ് വി.എസ് സിർപുർകർ അദ്ധ്യക്ഷനായ സമിതിയെ സുപ്രീംകോടതി നിയോഗിക്കുകയായിരുന്നു.